
12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്
കെട്ടിടം പണി പൂർത്തിയാക്കിയത്.
കെട്ടിട പരിസരം കാടുകയറി നശിക്കുന്നു
പീരുമേട്.. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു പൊതു ഇടമെന്ന നിലയിൽ നിർമ്മിച്ച കാർഷിക വിപണനകേന്ദ്രം ഇനിയും പ്രവർത്തനക്ഷമമായില്ല. ആദിവാസി മേഖലയിലെ കർഷകരെ പ്രധാനമായും ലക്ഷ്യമിട്ട് പന്ത്രണ്ട് ലക്ഷംമുടക്കി നിർമ്മിച്ച കേന്ദ്രത്തിനാണ് ഈ ദർഗതി. അഴുത ബ്ലോക്ക് പഞ്ചായത്ത് പീരുമേട്ടിലെ ആദിവാസി മേഖലയായ പ്ലാക്കടത്താണ് കാർഷിക വിപണനകേന്ദ്രം നിർമ്മിച്ചത്. രണ്ട് വർഷം മുമ്പ് കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും ഇത് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ ഇവിടെ ശേഖരിച്ച് വിപണനം നടത്താനാണ്പദ്ധതി ലക്ഷ്യം വെച്ചത്. എന്നാൽ പണിപൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. .കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാൻ താമസം നേരിടുന്നതോടെ ഇതിന് ചുറ്റും കാടുകൾ വളർന്ന് നാശത്തിന്റെ വക്കിൽ എത്തിയിരിക്കുകയാണ്
കർഷകർ
ഏറെ പ്രതീക്ഷിച്ചു
കൃഷി മാത്രം ഉപജീവനമാർഗം ആക്കി മുന്നോട്ടുപോകുന്ന ജനവിഭാഗമാണ് പ്ലാക്കത്തടത്തുള്ളത് .നിലവിൽ ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ കർഷകർ കിലോമീറ്ററുകൾ താണ്ടി പീരുമേട് ടൗണിലും പാമ്പനാറ്റിലും എത്തിച്ച് വിപണനം നടത്തുകയാണ് പതിവ്. ഇത് കർഷകർക്ക് സമയനഷ്ടവും യാത്രാച്ചിലവിനത്തിൽ കൂടുതൽ സാമ്പത്തിക നഷ്ടംഉണ്ടാക്കുകയും ചെയ്യുകയാണ്. ഇതിനെല്ലാം പരിഹാരം കാണാനാണ് പ്ലാക്കത്തടത്ത് കാർഷിക വിപണന കേന്ദ്രം നിർമിച്ചത്. എന്നാൽ കെട്ടിട പണി പൂർത്തിയാക്കിയതല്ലാതെ മറ്റ് നടപടികൾ ഒന്നുമുണ്ടായില്ല .അടിയന്തരമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഈ കാർഷിക വിപണന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ് .