കുമളി: അധികൃതർക്ക് നിയന്ത്രണമില്ലാതെ കുമളിയിൽ മാംസവിൽപ്പന. കുമളി പഞ്ചായത്തോ ആരോഗ്യ വകുപ്പോ കുമളിയിലെ ഇറച്ചി വിൽപ്പനയിൽ ഇടപെടാറില്ല. പഞ്ചായത്ത് ഇറച്ചി വിൽപ്പനയ്ക്കായി സ്ലോട്ടർ ഹൗസും സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും വിൽപ്പന മുഴുവനും സ്വകാര്യ കേന്ദ്രങ്ങളിലാണ്. കുമളി ടൗണിലും ഒന്നാം മൈലിലും ചെളി മടയിലിലുമെല്ലാം റോഡിനരുകിൽ തന്നെയാണ് ഇറച്ചിക്കടകൾ പ്രവർത്തിച്ചു വരുന്നത്. പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. വൃത്തി ഹീനമായ ഇടങ്ങളിൽ കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചി ഒരു പരിശോധനയുമില്ലാതെയാണ് വിൽപ്പനയ്ക്കായി എത്തിക്കുന്നത്. കുമളിയിലെ ഇറച്ചി കച്ചവടം കുത്തകയായി കൈകാര്യം ചെയ്യുന്നവരുടെ ഇടപെടലുകൾ മൂലം, പഞ്ചായത്ത് പണിപൂർത്തിയാക്കിയ സ്ലോട്ടർ ഹൗസ് തുറക്കുന്നത് വൈകിക്കുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. കുമളി പഞ്ചായത്ത് പൊതു മാർക്കറ്റ് നടത്തുന്ന അട്ടപ്പള്ളത്തെ കെട്ടിടത്തിലാണ് ഇറച്ചി സ്റ്റാളുകൾ പണിതിട്ടുള്ളത്. ഇത് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി കച്ചവടക്കാർക്ക് തുറന്ന് നൽകിയിരിക്കുകയാണ്. കുമളി പഞ്ചായത്ത് സ്ലോട്ടർ ഹൗസ് തുറന്നു പ്രവർത്തിക്കണമെന്നും ഇറച്ചി വിൽപ്പന വിലയിൽ കട്ടപ്പനയിലേതു പോലെ നിയന്ത്രണം കൊണ്ട് വരണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.
വില തോന്നിയതുപോലെ
സമീപ പട്ടണമായ കട്ടപ്പനയിൽ പോത്തിറച്ചി ല കിലോയ്ക്ക് 300 രൂപ മാത്രമുള്ളപ്പോൾ കുമളിയിൽ 380 മുതൽ 400 രൂപ വരെയാണ് വിൽപ്പന വില. കട്ടപ്പനയിൽ നഗരസഭയുടെ വ്യക്തമായ നിയന്ത്രണത്തിലാണ് ഇറച്ചി കടകൾ പ്രവർത്തിക്കുന്നത്. ഇറച്ചിയുടെ വില നിശ്ചയിക്കുന്നതും നഗരസഭയാണ്. കുമളിയിൽ പഞ്ചായത്ത് ഇറച്ചി വിൽപ്പനയ്ക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താത്തതുമൂലം തോന്നിയ വിലയ്ക്ക് ഗുണനിലവാരം ഉറപ്പാക്കാത്ത ഇറച്ചിയാണ് വിൽപ്പന നടത്തുന്നത്.