elam
കടുത്ത വേനൽ ചൂടിൽ ഉണങ്ങി നശിച്ച എലച്ചെടികൾ

കുമളി: കനത്ത വേനൽ ചൂടിൽ ജില്ലയിലെ ഏലകൃഷി കരിഞ്ഞുണങ്ങുന്നു. വേനൽ മഴയും ചതിച്ചതോടെ ഒട്ടുമിക്ക ഏലതോട്ടങ്ങളിലും ചെടികൾ കരിഞ്ഞുണങ്ങി നിലത്ത് വീണു തുടങ്ങി. കൊടുംവേനലിന്റെ ദുരിതം അനുഭവിക്കുന്നത് ഏറെയും സാധാണക്കാരായ കർഷകരാണ്. പരിമിതമായ ജലസേചന സൗകര്യങ്ങൾ മാത്രമാണ് ഭൂരിഭാഗം വരുന്ന ചെറുകിട കർഷകർക്കുമുള്ളത്. കർഷകരുടെ കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുകയാണ്. ഉണക്കിന്റെ കാഠിന്യം കുറയ്ക്കാൻ കർഷകർ തണലിനായി പച്ചനെറ്റ് കെട്ടുകയും ഏല ചെട്ടിയുടെ ചുവട്ടിൽ കരിയിലകൾ കൂട്ടിവച്ച് മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പകൽ സമയത്തെ കനത്ത ചൂട് ഏലചെടികൾ കരിഞ്ഞുണങ്ങുന്നതിന് കാരണമായിട്ടുണ്ട്. ഏലം കൃഷി കടുത്ത പ്രതിസന്ധിയിലായിട്ടും എലയ്ക്കായുടെ വില ഉയരാത്തതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. മഴ ലഭിക്കാത്തത് മൂലം ഏല ചെടികളുടെ പരിപാലനം ആകെ ക്രമം തെറ്റിയ അവസ്ഥയിലാണ്. വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങിയ ഏലച്ചെടികൾ ഇനി പൂർവ്വസ്ഥിതിയിലെത്താൻ പുതിയ ചിമ്പ് മുളച്ച് വരണം. പുതുതായി മുളയ്ക്കുന്ന ചിമ്പുകൾ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കൂടിയേ തീരൂ. ഇപ്പോഴത്തെ രീതിയിൽ വേനൽ മഴ ലഭിക്കാതിരുന്നാൽ ഏല കൃഷി പൂർണ്ണമായും നശിക്കുമെന്ന് കർഷകർ പറയുന്നു.

തൊഴിലാളികളും ദുരിതത്തിൽ

ഒട്ടുമിക്ക ഏല തോട്ടങ്ങളിലും ജോലികൾ നിറുത്തി വച്ചിരിക്കുകയാണ്. ഇത് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിലില്ലാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ ഏലതോട്ടങ്ങളിലെത്തി ജോലി ചെയ്തിരുന്ന തൊഴിലാളികൾ മിക്കവരും ജോലിയില്ലാതായതോടെ തമിഴ്നാട്ടിലേയ്ക്ക് മടങ്ങി പോയിരിക്കുകയാണ്. ഏലത്തിന്റെ പണികൾക്കായി ദിവസവും ജീപ്പിൽ എത്തി ജോലി കഴിഞ്ഞ് മടങ്ങിയിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളുടെ സംഘങ്ങൾക്കും മഴയില്ലാതായതോടെ തൊഴിൽ ഇല്ലാതായിരിക്കുകയാണ്.