മൂന്നാർ: വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവേശന ടിക്കറ്റെടുക്കാനുള്ള മണിക്കൂറുകൾ നീണ്ട ക്യൂവിന് പരിഹാരമാകുന്നു. വനംവകുപ്പ് പുതുതായി അവതരിപ്പിച്ച വാട്‌സ്ആപ്പ് അധിഷ്ടിത ടിക്കറ്റിംഗ് സംവിധാനത്തിലൂടെയാണ് ഒരു മിനിട്ടിനുള്ളിൽ ഓൺലൈനായി ടിക്കറ്റെടുക്കാനാവുന്നത്. ടിക്കറ്റെടുക്കാനായി ക്യൂ ആർകോഡ് സ്‌കാൻ ചെയ്യുകയോ 8547603222 എന്ന നമ്പരിൽ ഹായ് അയക്കുകയോ ചെയ്താൽ മതിയാകും. തുടർന്ന് ഇ- മെയിൽ ഐഡി, സന്ദർശിക്കാനുദ്ദേശിക്കുന്ന സമയം, വേണ്ട ടിക്കറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ നൽകിയാൽ പേയ്‌മെന്റ് നടത്തി ടിക്കറ്റ് വാട്‌സാപ്പിൽ ലഭിക്കും. പത്തു ദിവസം മുമ്പ് വരെയുള്ള ടിക്കറ്റുകൾ ഇത്തരത്തിൽ മുൻകൂട്ടി ബുക്കു ചെയ്യാനാവും. സന്ദർശിക്കാനുള്ള സമയത്ത് പാർക്കിലെത്തി സ്കാൻ ചെയ്ത് ഉള്ളിലേക്കു പ്രവേശിക്കുന്നതോടെ ഓട്ടോമാറ്റിക്കായി ടിക്കറ്റിന്റെ വാലിഡിറ്റി തീരുകയും ചെയ്യും. ഇനി മുതൽ ക്യൂ ഒഴിവാക്കി പേപ്പർ രഹിത, കറൻസി രഹിത ടിക്കറ്റിംഗ് സംവിധാനമാണ് പാർക്ക് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. വരയാടുകളുടെ പ്രജനന കാലത്തിന് ശേഷം കഴിഞ്ഞ ഒന്നിനാണ് പാർക്ക് വീണ്ടും സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇത്തവണ 110 ലധികം പുതിയ വരയാടിൻ കുഞ്ഞുങ്ങളുണ്ടായതായാണ് കണക്ക്. വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ഈ മാസം അവസാനം നടക്കും.