മുട്ടം: മലങ്കര ടൂറിസം ഹബ്ബിലേക്ക് എത്തുന്നതിന് സൂചന ബോർഡ് ഇല്ലാത്തത് സഞ്ചാരികളെ വട്ടം കറക്കുന്നു.
ഹബ്ബ് സന്ദർശിക്കാൻ തൊടുപുഴ ഭാഗത്ത് നിന്ന് വാഹനങ്ങളിൽ എത്തുന്ന നിരവധി സഞ്ചാരികൾ പെരുമറ്റം കവലയിൽ നിന്ന് തിരിഞ്ഞ് അണക്കെട്ട് റൂട്ടിലേക്ക് വഴി മാറി പോകുന്ന സാഹചര്യമുണ്ട്. പെരുമറ്റം കവലയിൽ സ്ഥാപിച്ചിട്ടുള്ള മലങ്കര ഡാമെന്ന് എഴുതിയ വലിയ ആർച്ച് മലങ്കര ടൂറിസം ഹബ്ബിലേക്കുള്ള പ്രവേശന കവാടമാണെന്ന് തെറ്റിദ്ധരിച്ചാണ് സഞ്ചാരികൾ വഴിമാറി പോകുന്നത്. മലങ്കര അണക്കെട്ടിന് മുന്നിലെത്തി ടൂറിസം ഹബ്ബാണെന്ന് കരുതി തിരികെ പോകുന്ന സഞ്ചാരികളുമുണ്ട്. പെരുമറ്റം അണക്കെട്ട് റൂട്ടിൽ ഏറെ ദൂരം സഞ്ചരിച്ച് തെക്കുംഭാഗത്ത് എത്തി വഴി അറിയാതെ വട്ടം കറങ്ങി തിരിച്ച് വരുന്നവരുമുണ്ട്. മലങ്കര ടൂറിസം ഹബ്ബിനെ സംബന്ധിച്ചുള്ള സൂചന ബോർഡ് പെരുമറ്റം കവലയിൽ സ്ഥാപിച്ചാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയും. ബന്ധപ്പെട്ട അധികൃതർ പ്രശ്‌ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു.