ഇടുക്കി: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റ ഭാഗമായി മൂന്നാറിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. 12ന് വൈകിട്ട് നാലിന് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് ജില്ലാ പൊലീസ് ടീമും കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ടീമും 'ടസ്‌കർ ഷീൽഡിന്' വേണ്ടി മത്സരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പ്രശസ്ത ഫുട്ബോളർ ഐ.എം. വിജയൻ മുഖ്യാതിഥിയാകും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ആവേശം വിതറുന്ന ഫുട്‌ബോൾ മത്സരത്തിലൂടെ തിരഞ്ഞെടുപ്പിന്റെ ഊർജ്ജം ജനങ്ങളിലേക്ക് പകരാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി 'ടസ്‌കർ ഷീൽഡ്' ഫുട്‌ബോൾ മത്സരം നടത്താനും പദ്ധതിയുണ്ട്.