uma
ഡീൻ കുര്യാക്കോസിന്റെ ഇലക്ഷൻ പ്രചരണാർത്ഥം ഇന്നലെ ചെറുതോണിയിൽ നടന്ന യു.ഡി.എഫ് വനിതാ കൺവെൻഷൻ ഉമ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: വാളറയിലും വണ്ടിപ്പെരിയാറ്റിലും പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പടുത്തിയ നരാധമന്മാരെ സംരക്ഷിക്കുകയും വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെ ഒരിറ്റു വെള്ളം പോലും നൽകാതെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എസ്.എഫ്.ഐ സാമൂഹ്യ വിരുദ്ധമാർക്ക് സംരക്ഷണ കവചമൊരുക്കുകയും ചെയ്ത പിണറായി വിജയൻ കേരളത്തിലെ അമ്മമാർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ ഇലക്ഷൻ പ്രചരണാർത്ഥം ഇന്നലെ ചെറുതോണിയിൽ നടന്ന യു.ഡി.എഫ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ. ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കേരളത്തിലെ ജനങ്ങൾ ഭയാശങ്കകളോടുകൂടിയാണ് ജീവിക്കുന്നതെന്നും ഒരു വശത്ത് വന്യ മൃഗശല്യമാണെങ്കിൽ മറുവശത്ത് അക്രമകാരികളായ സി.പി.എമ്മുകാർ ചേർന്ന് ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ദു സുധാകരൻ ആമുഖ പ്രസംഗം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. അംഗം എ.പി. ഉസ്മാൻ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷൈനി സജി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ, അനീഷ് ജോർജ്, പി.ഡി. ജോസഫ്, സുനിതാ സി.യു, ഷൈനി റെജി, മിനി പ്രിൻസ്, ആൻസി തോമസ്, ഡൊമിനാ സജി, സാലി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ചെറുതോണിയിൽ വനിതാ നേതാക്കൾ റോഡ് ഷോയും നടത്തി.