waste
ചാലയ്ക്കമുക്ക്- ഇല്ലിച്ചുവട് റോഡിൽ ഉപേക്ഷിച്ച മാലിന്യം

കോടിക്കുളം: ചാലയ്ക്കമുക്ക്- ഇല്ലിച്ചുവട് റോഡ് നീളെ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ. കഴിഞ്ഞ ദിവസമാണ് സംഭവം. ആൾ താമസം തീരെ കുറഞ്ഞതും കാളിയാർ ഹാരിസൺ റബ്ബർ പ്ലാന്റേഷനിൽ കൂടി കടന്ന് പോകുന്നതുമായ റോഡിൽ പല ഭാഗത്തായി ചാക്ക് കണക്കിന് മാലിന്യം കൊണ്ട് വന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ സ്‌കാനിംഗ് ഫിലിം, ആശുപത്രി മാലിന്യം തുടങ്ങി പുനരുപയോഗിക്കാൻ കഴിയാത്തതും നശിപ്പിക്കാൻ കഴിയാത്തതുമായ മാലിന്യമാണ് ഭൂരിഭാഗവും. നിത്യേന നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്നതും നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതുമായ റോഡാണിത്. സംഭവമറിഞ്ഞ് കോടിക്കുളം പഞ്ചായത്ത് ജീവനക്കാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും മാലിന്യത്തിൽ നിന്ന് ലഭ്യമായ തെളിവുകളും വച്ച് പൊലീസിന്റെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സാമൂഹ്യ ദ്രോഹ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.