
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മൊബൈൽ ഫോണുകളിൽ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അറിയിച്ചു.
പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യവാചകങ്ങൾ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമർപ്പിച്ച് സർട്ടിഫൈ ചെയ്യണം. പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്., റേക്കോഡഡ് വോയ്സ് മെസേജുകൾ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങൾ, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നൽകണം. സർട്ടിഫിക്കേഷനുള്ള പരസ്യങ്ങൾ മാമ്രേ സേവനദാതാക്കളും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും പ്രക്ഷേപണം ചെയ്യാവൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് ഇത് സംബന്ധിച്ച് അപേക്ഷകൾ നൽകേണ്ടത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ആറംഗ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയാണ് സാക്ഷ്യപ്പെടുത്തൽ സംബന്ധിച്ച് തീരുമാനമെടുക്കുക. നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ പരസ്യത്തിന് പ്രദർശനാനുമതി നിഷേധിക്കാൻ സമിതിക്ക് അധികാരമുണ്ട്. എം സി എം സി . ഫോൺ : 04862 233036
അന്തിമ സ്ഥാനാർത്ഥി
പട്ടിക ഇന്ന്
പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അവസാനിക്കുന്നതോടെ ഇടുക്കി ലോക് സഭ മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി പട്ടിക നിലവിൽ വരും. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നവും ഇന്ന് തന്നെ അനുവദിക്കും. സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് തവണയായി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ആദ്യ പരസ്യം ഏപ്രിൽ 9 മുതൽ 12 വരെയും , രണ്ടാമത്തേത് ഏപ്രിൽ 13 മുതൽ 16 വരെയും ,മൂന്നാമത്തേത് ഏപ്രിൽ 17 മുതൽ 24 വരെയുള്ള തീയതികളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്.