
പീരുമേട്: പഞ്ചായത്തുകളിൽ തരം തിരിച്ച മാലിന്യങ്ങൾ കെട്ടി കിടക്കുന്നു.ക്ലീൻ കേരള കമ്പനിയുടെ അനാസ്ഥ കാരണം ജില്ലയിലെ മാലിന്യനീക്കം പ്രതിസന്ധിയിലായിരിക്കയാണ്. സമയബന്ധിതമായി മാലിന്യം കൊണ്ടു പോകാൻ കഴിയാത്തതാണ് ഇതിനു കാരണം .ക്ലീൻ കേരള വീഴ്ച വരുത്തുന്നതിനാൽ ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം ഓരോ പഞ്ചായത്തുകളിലും വിവിധ സെന്ററുകളിൽ കെട്ടിക്കിടക്കുകയാണ്. . മറ്റു സൗകര്യം ഇല്ലാത്തതിനാൽ ചില പഞ്ചായത്തുകൾ ജനവാസ മേഖലയിലാണ് മാലിന്യം കൂട്ടിയിരിക്കുന്നത്.ആവശ്യത്തിന് വാഹനം ഇല്ലാത്തതാണ് മാലിന്യ നീക്കത്തിന് ക്ലീൻ കേരള കമ്പനിക്ക് തടസ്സമുണ്ടാകാൻ കാരണമായി പറയുന്നത്.. ജില്ലയുടെ വിസ്തൃതിയും ഒരു പ്രശ്നമാണ്. എത്ര ശ്രമിച്ചാലും ഒരു പഞ്ചായത്തിൽ നാലുമാസത്തിൽ ഒരു പ്രാവശ്യം വാഹനങ്ങൾക്ക് എത്താൻ കഴിയുന്നില്ല .മാലിന്യം കൊണ്ടുപോകാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ശേഖരിക്കുന്ന മാലിന്യം തരം തിരിച്ചു സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ ചില പഞ്ചായത്തുകൾ ശുചിത്വ മിഷന്റെ അംഗീകാരമുള്ള മറ്റു സ്വകാര്യ ഏജൻസികൾക്ക് വിൽക്കാൻ തുടങ്ങിയിട്ടുണ്ട്.സിമിന്റ് നിർമാണ കമ്പനികൾക്ക് നൽകാൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ കൊണ്ടു പോകുന്നത്. മറ്റ് ആവശ്യങ്ങക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യുമെന്ന കാര്യത്തിൽ പഞ്ചായത്തുകളും ആശങ്കയിലാണ്.
ഉടമ്പടി
പ്രതിബന്ധം
ക്ലീൻ കേരള കമ്പനിയുമായി ഉടമ്പടിയുള്ളതിനാൽ മറ്റു സ്വകാര്യ ഏജൻസികൾക്ക് ശേഖരിച്ച മാലിന്യം നൽകിയാൽ പിന്നിട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്ന പഞ്ചായത്തുകളുമുണ്ട്. പഞ്ചായത്തുകൾ ഹരിത കർമ സേന വഴി ശേഖരിക്കുന്ന മാലിന്യം തരം തിരിക്കുന്നത് ഉൾപ്പടെ ശുചിത്വ മിഷന്റെജില്ലാ ബ്‌ളോക്ക് അധികൃതർ പരിശോധിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യാത്ത പഞ്ചായത്തുകൾക്ക് കർശന നിർദ്ദേശം നൽകാറുണ്ട്. എന്നാൽ മാലിന്യം നീക്കം ചെയ്യുന്നതിൽ ക്ലീൻ കേരള കമ്പനിയുടെ വീഴച്ചയിൽ ഇടപെടാൻ ശുചിത്വ മിഷന്റെ പരിമിതിയാണ് പ്രശ്നമാകുന്നത്.