തൊടുപുഴ: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ കിണറ്റിൽ അകപ്പെട്ടയാളെ രക്ഷപെടുത്തി. നാഗപ്പുഴ തട്ടാംപറമ്പിൽ വിജയൻ (62) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. പാറക്കടവിന് സമീപം പുത്തൻപുരയ്ക്കൽ സുദർശനന്റെ പറമ്പിലെ കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു വിജയൻ. 35അടിയിലേറെ ആഴമുള്ള കിണറിൽ ഓക്സിസിജൻ കിട്ടാതെ വന്നതോടെ വിജയൻ അവശനായി. കയറിൽ പിടിച്ച് മുകളിലേക്ക് കയറുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി ഓക്സിജൻ സിലിണ്ടറുമായി കിണറ്റിലിറങ്ങി രക്ഷപെടുത്തുകയായിരുന്നു. ചെറിയ പരിക്കുകൾ പറ്റിയ വിജയനെ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാം, അസി. സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജൂബി തോമസ്, ജിനീഷ്കുമാർ, അഭിലാഷ്, ടി കെ വിവേക്, പി എൻ അനൂപ്, പി ടി ഷാജി, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.