തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നടന്നുവരുന്ന ആനക്കൂട് കവലയിലെ എതിരേൽപ്പ് മഹോത്സവം നാളെ വിപുലമായ പരിപാടികളോടെ ആചാരപൂർവ്വം നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ജനറൽ കൺവീനർ ടി.കെ. സുധാകരൻ നായർ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആറിന് നിരഞ്ജന മനോജ്, ലക്ഷ്മി അജേഷ് എന്നിവർ അവതരിപ്പിക്കുന്ന കേരള നടനം നൃത്തനൃത്യങ്ങൾ അരങ്ങേറും. 6.15ന് പ്രസാദഊട്ട്. 10,​000 ലധികം പേർക്ക് പ്രസാദഊട്ടിൽ പങ്കാളികളാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആനക്കൂട് ജംഗ്ഷനിൽ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി വൈകിട്ട് 6.20ന് ആരംഭിക്കും. വാദ്യകലാകേസരി ചന്ദ്രൻ മാരാരും വാദ്യകലാനിധി ചിറയ്ക്കൽ നിതീഷ് മാരാരും നേതൃത്വം നൽകുന്ന ഡബിൾ തായമ്പക രാത്രി 8.30ന് ആരംഭിക്കും. രാത്രി 10ന് എതിരേൽപ്പ് വിളക്ക് ദീപക്കാഴ്ച,​ തുടർന്ന് പറവെയ്പ്പ്,​ ഡോ. എൻ.ആർ. കണ്ണനും, എൻ.ആർ. ആനന്ദും ചേർന്ന് അവതരിപ്പിക്കുന്ന നാദസ്വരം,​ തിടനാട് വി.ജി. വേണു ഗോപാൽ, തിടനാട് അനു വേണുഗോപാൽ എന്നിവർ അവതരിപ്പിക്കുന്ന സ്‌പെഷ്യൽ തവിൽ,​ രാത്രി 11ന് പാണ്ടിമേളം എന്നീ പരിപാടികളാണ് അരങ്ങേറുക. എതിരേൽപ്പ് മഹോത്സവത്തിൽ പങ്കാളികളാകാൻ എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് വാഹന പാർക്കിങ്ങിനായി അമ്പാടി ഹോട്ടലിന് എതിർവശം പഴയ പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലം ക്രമീകരിച്ചിട്ടുണ്ടെന്നും സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.