ഇടുക്കി: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മത്സര രംഗത്തുള്ളത് ഏഴ് സ്ഥാനാർത്ഥികൾ. സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. ഇതോടെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, ബി.എസ്.പി, വിടുതലൈ ചിരുത്തൈകൾ കച്ചി, രണ്ട് സ്വതന്ത്രർ എന്നിവരാണ് കളത്തിലുള്ളത്. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നവും വരണാധികാരിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അനുവദിച്ചു. ഡമ്മി സ്ഥാനാർത്ഥികളടക്കം 12 പേരായിരുന്നു ആദ്യം പത്രിക നൽകിയത്. ഇവരിൽ നാല് പേരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയിരുന്നു.
സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ
1. ജോയ്സ് ജോർജ്- സി.പി.എം- അരിവാൾ ചുറ്റിക നക്ഷത്രം
2. ഡീൻ കുര്യാക്കോസ്- കോൺഗ്രസ്- കൈപ്പത്തി
3. റസ്സൽ ജോയ്- ബി.എസ്.പി- ആന
4. സജി ഷാജി- വിടുതലൈ ചിരുത്തൈകൾ കച്ചി- ഓട്ടോറിക്ഷ
5. സംഗീത വിശ്വനാഥൻ- ബി.ഡി.ജെ.എസ്- കുടം
6. ജോമോൻ ജോൺ- സ്വതന്ത്രൻ- വജ്രം
7. പി.കെ. സജീവൻ- സ്വതന്ത്രൻ- ബാറ്ററി ടോർച്ച്
ടോർച്ച് കൈമാറി ജോയ്സ്
കഴിഞ്ഞ രണ്ട് തവണയും ടോർച്ച് ചിഹ്നത്തിൽ മത്സരിച്ച ജോയ്സ് ജോർജ്ജ് ഇത്തവണയത് സ്വതന്ത്രന് കൈമാറി. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളിലൊരാളായ പി.കെ. സജീവനാണ് ഇത്തവണ ബാറ്ററി ടോർച്ച് ചിഹ്നം ലഭിച്ചത്. ജോയ്സ് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ടോർച്ച് ചിഹ്നം മാറി അരിവാൾ ചുറ്റിക നക്ഷത്രം ലഭിച്ചത്.
അപരന്മാരില്ല
ഒരു സ്ഥാനാർത്ഥിയ്ക്കും അപരന്മാരില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. നേരത്തെ ജോയ്സ് ജോർജ്ജടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികളുടെ പേരിൽ അപരന്മാർ കളത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ധാരാളം വോട്ടും പിടിച്ചിട്ടുണ്ട്.