തൊടുപുഴ: വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്നതിനൊപ്പം പനിയും വ്യാപകം. ഒപ്പം ചിക്കൻപോക്സും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. വൈറൽപനി ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ്. ഡെങ്കിപ്പനിയും വർദ്ധിക്കുന്നുണ്ട്. മഞ്ഞപ്പിത്തവും വ്യാപകമായി പടരുന്നുണ്ട്. ഫെബ്രുവരിയിൽ 15 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാൽ ഈ മാസം പകുതിയായപ്പോൾ തന്നെ 17 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മഞ്ഞപ്പിത്തവും ജില്ലയിൽ റിപോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ നാല് പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മാർച്ചിൽ ഏഴ് കേസും ഈ മാസം ഇതുവരെ ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 25 പേർക്കാണ് ചിക്കൻപോകസ് സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ 15 പേർക്കും മാർച്ചിൽ ആറ് പേർക്ക് ഈ മാസം പകുതിയോടെ 25 പേർക്കും ചിക്കൻ പോക്‌സും റിപോർട്ട് ചെയ്തു. വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം ഇതുവരെ 1855 പേർ വൈറൽ പനി ബാധിതരായി ആശുപത്രിയിയിൽ ചികിത്സ തേടിയെത്തി. ഫെബ്രുവരിയിൽ 6692 പേരും മാർച്ചിൽ 5195 പേരും പനി ബാധിച്ച് ചികിത്സ തേടിയെത്തി.
ഡെങ്കിപ്പനിയെ തുരത്താൻ
 മുറ്റത്തും പറമ്പിലുമെല്ലാം വെള്ളം കെട്ടിനിൽക്കാതെ നോക്കുക
 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
വയറിക്ക രോഗങ്ങൾക്ക് സാദ്ധ്യത
വരൾച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു. ജില്ലയിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കിണറുകൾ അടക്കമുള്ള ശുദ്ധജല സ്രോതസുകളിലേറെയും വറ്റി. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം മലിനമാകാനുള്ള സാദ്ധ്യതയേറെയാണ്. വെള്ളവും ഭക്ഷണവും വൃത്തിഹീനമാകുമ്പോഴാണ് ജലജന്യരോഗങ്ങൾ വ്യാപകമാകുന്നത്.
ചിക്കൻപോക്സിന് ചികിത്സ തേടണം
ചിക്കൻപോക്‌സ് രോഗലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ സമയമെടുത്തേക്കാം. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങുന്നത് വരെ അണുബാധ പകരാം. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ, എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻപോക്‌സ് പിടിപെട്ടാൽ ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ട്.