രാജാക്കാട്:ചിന്നക്കനാലിൽ റിസോർട്ട് മാഫിയ കൈയേറിയ 1.734 ഏക്കർ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് റവന്യു വകുപ്പ് ഏറ്റെടുത്തു. 2007
ൽ അന്നത്തെ ജില്ലാ കളക്ടർ ഉത്തരവിട്ട സംഭവത്തിനാണ് ഇപ്പോൾ ഫലം കണ്ടത്. എതിർ കക്ഷി ലാന്റ് ട്രിബൂണൽ, ഹൈക്കോടതി തുടങ്ങി നിയമയുദ്ധങ്ങൾ നടത്തി വർഷങ്ങളോളം ഭൂമി കൈവശം വെച്ചനുഭവിക്കുകയാണുണ്ടായത്. ചിന്നക്കനാൽ വില്ലേജിൽ സർവ്വെ നമ്പർ 524 ,525, 527ൽപ്പെട്ട സ്ഥലമാണ് ഏറ്റെടുക്കാൻ ഉത്തരവായത്. മൂന്നാർ സ്‌പെഷ്യൽ ട്രിബൂണൽ രൂപീകരിച്ചപ്പോൾ മുതൽ നിയമയുദ്ധം ആരംഭിച്ചിരുന്നു. ട്രിബൂണലിന്റെ നിർദ്ദേശപ്രകാരംതാലൂക്ക് സർവ്വെയർ ഭൂമി അളന്ന് റിപ്പോർട്ടും രേഖയും സമർപ്പിക്കുകയും ചെയ്തു. അനധികൃതമായി ഭൂമി കൈയേറിയിട്ടുണ്ടെന്നും അതിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളും കാമ്പൗണ്ട് വാൾ ഉൾപ്പെടെയുള്ളതെല്ലാം പൊളിച്ച് നീക്കണമെന്നും ട്രിബൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മോഹൻ കുമാർ എന്നയാളുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ച കോടതി 1.734 ഏക്കർ ഭൂമി സറണ്ടർ ചെയ്യാനാണ് ഉത്തരവിട്ടത്. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ സഹായത്തോടെ റിസോർട്ട് മാഫിയകൈയേറിയ കോടികൾ വിലമതിക്കുന്ന സ്ഥലം നീണ്ട കാലത്തെ നിയമ യുദ്ധത്തിനൊടുവിലാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെയടിസ്ഥാനത്തിലാണ് കൈയേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.