munnar
കഴിഞ്ഞ ദിവസം മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തിയ സഞ്ചാരികൾ

തൊടുപുഴ: വിദ്യാലയങ്ങൾ വേനലവധിക്കായി അടയ്ക്കുകയും ഈസ്റ്ററിന് പിന്നാലെ ചെറിയ പെരുന്നാളും വിഷുവും ഒരുമിച്ചെത്തുകയും കൂടി ചെയ്തതോടെ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വീണ്ടും തിരക്കേറി. കടുത്ത ചൂടിൽ നിന്ന് ആശ്വാസം നേടുന്നതിനായി കുടുംബസമേതം ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പരീക്ഷയുടെ ആലസ്യത്തിൽ മയങ്ങിക്കിടന്ന കേന്ദ്രങ്ങൾ ഉണർന്നത് വ്യാപാരികൾക്കും ഉണർവായി. പലരും ടൂർ ഓപ്പറേറ്റർമാർ വഴി അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയും താമസവും ബുക്ക് ചെയ്തു കഴിഞ്ഞു. കനത്ത ചൂടിൽ നിന്നും ജീവിതത്തിരക്കുകളിൽ നിന്നും താത്കാലികമായെങ്കിലും മാറി നിന്ന് കുടുംബത്തോടൊപ്പം ഏതാനും ദിവസം ആസ്വദിക്കാമെന്ന നിലയ്ക്കാണ് പലരും ഈ അവധിക്കാല യാത്രകളെ കാണുന്നത്. ഇത്തരക്കാർക്കായി ഇടുക്കിയുടെ വിവിധ പ്രദേശങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. അന്യ ജില്ലകളിൽനിന്ന് ഒട്ടേറെപേരാണ് ജില്ലയുടെ കുളിർമയും സൗന്ദര്യവും നുകരാനായി എത്തുന്നത്. ഇവർക്കായി ജില്ലാ ടൂറിസം കൗൺസിലും റിസോർട്ട്, ഹോട്ടൽ ഉടമകളും സൗകര്യങ്ങൾ ഒരുക്കികഴിഞ്ഞു. വാഗമണ്ണിലും മൂന്നാറിലും തേക്കടിയിലുമാണ് ഈ അവധിക്കാലം ആഘോഷിക്കാൻ കൂടുതൽ പേരെത്തുന്നത്. തൊടുപുഴയ്ക്ക് സമീപത്തെ മലങ്കര ഡാം മുതൽ തൊമ്മൻകുത്ത്, കാറ്റാടിക്കടവ്, കാൽവരിമൗണ്ട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, രാജാക്കാട് ശ്രീകൃഷ്ണപുരം തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ ടൂറിസംകേന്ദ്രങ്ങളാണ് വിസ്മയക്കാഴ്ചകളുമായി ഈ അവധിക്കാലത്ത് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.

മാടിവിളിച്ച് തേക്കടിയും വാഗമണ്ണും

തേക്കടിയിലെത്തുന്നവർക്ക് കാനന സൗന്ദര്യം ആസ്വദിച്ച്‌ ബോട്ടിംഗിനും ട്രക്കിംഗിനും അവസരമുണ്ട്.

വാഗമണ്ണിൽ മൊട്ടക്കുന്നുകളുടെ മനോഹാരിതയും പൈൻമരക്കാടുകളും സന്ദർശകരെ ആകർഷിക്കുന്നു. ഡി.ടി.പിസിയുടെ നേതൃത്വത്തിലുള്ള അഡ്വഞ്ചർ പാർക്കിൽ വിവിധ റൈഡുകൾ, പാരാഗ്ലൈഡിങ്ങ്, ഗ്ലാസ് ബ്രിഡ്ജ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

തണുപ്പൊളിപ്പിച്ച് മൂന്നാർ

മൂന്നാറിൽ ഡി.ടി.പി.സി.യുടെ ബോട്ടാണിക്കൽ ഗാർഡൻ, രാജമല ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ വ്യൂപോയിന്റ്, കുണ്ടള, മാട്ടുപ്പെട്ടി, പൊൻമുടി ഡാമുകൾ എന്നിവയാണ് പ്രധാന സന്ദർശന കേന്ദ്രങ്ങൾ. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും പൊൻമുടിയിലും ബോട്ടിംഗും ആസ്വദിക്കാം. മറയൂരും കാന്തല്ലൂരും സന്ദർശകർക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ഇതിനു പുറമേ കാട്ടാനകളെ അടുത്തു കാണാൻ കഴിയുന്ന മാങ്കുളം ആനക്കുളവും ഇപ്പോൾ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രമാണ്.

കാഴ്ചകളുടെ

അണകെട്ടി ചെറുതോണി

ഇടുക്കി, ചെറുതോണി ഡാമുകൾ അവധിക്കാലത്തോടനുബന്ധിച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.മേയ് 31 വരെയാണ് സന്ദർശനാനുമതി.ഡി.ടി.പി.സിയുടെ ഹിൽവ്യൂ പാർക്ക്, ആർച്ച് ഡാം, ബോട്ടിംഗ്, കൊലുമ്പൻ സമാധി എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണം.

രാമക്കൽമേടിലെ

കാറ്റാണ് കാറ്റ്

രാമക്കൽമേടാണ് ജില്ലയിലെ മറ്റൊരു വിനോദ സഞ്ചാരകേന്ദ്രം. കുറവൻകുറത്തി ശില്പവും വ്യൂപോയിന്റും കാറ്റാടിപ്പാടവും ഇവിടെ ആസ്വദിക്കാം. ആമപ്പാറ വ്യൂപോയിന്റാണ് സമീപത്തെ മറ്റൊരു സന്ദർശന സ്ഥലം.