തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും നടന്നുവരുന്ന ആനക്കൂട് കവലയിലെ എതിരേൽപ്പ് മഹോത്സവം ഇന്ന് നടക്കും. സുരക്ഷയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പൊലീസ് നിർദ്ദേശാനുസരണം കൂടുതൽ ക്യാമറകൾ ഏർപ്പെടുത്തി. ഇന്നു മുതൽ ഉത്സവനഗരിയിൽ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. ക്ഷേത്രത്തിൽ ദീപാരാധനയ്ക്കു ശേഷം മഹാപ്രസാദമൂട്ട് നടക്കും. ആനക്കൂട് കവലയിൽ വൈകിട്ട് ആറിന് നിരഞ്ജന മനോജ്, ലക്ഷ്മി അജേഷ് എന്നിവർ അവതരിപ്പിക്കുന്ന കേരള നടനം നൃത്തനൃത്യങ്ങൾ അരങ്ങേറും. 6.15ന് പ്രസാദഊട്ട്. 10,000 ലധികം പേർക്ക് പ്രസാദഊട്ടിൽ പങ്കാളികളാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആനക്കൂട് ജംഗ്ഷനിൽ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി വൈകിട്ട് 6.20ന് ആരംഭിക്കും. വാദ്യകലാകേസരി ചന്ദ്രൻ മാരാരും വാദ്യകലാനിധി ചിറയ്ക്കൽ നിതീഷ് മാരാരും നേതൃത്വം നൽകുന്ന ഡബിൾ തായമ്പക രാത്രി 8.30ന് ആരംഭിക്കും. രാത്രി 10ന് എതിരേൽപ്പ് വിളക്ക് ദീപക്കാഴ്ച, തുടർന്ന് പറവെയ്പ്പ്, ഡോ. എൻ.ആർ. കണ്ണനും, എൻ.ആർ. ആനന്ദും ചേർന്ന് അവതരിപ്പിക്കുന്ന നാദസ്വരം, തിടനാട് വി.ജി. വേണു ഗോപാൽ, തിടനാട് അനു വേണുഗോപാൽ എന്നിവർ അവതരിപ്പിക്കുന്ന സ്‌പെഷ്യൽ തവിൽ, രാത്രി 11ന് പാണ്ടിമേളം എന്നീ പരിപാടികളാണ് അരങ്ങേറുക. എതിരേൽപ്പ് മഹോത്സവത്തിൽ പങ്കാളികളാകാൻ എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് വാഹന പാർക്കിങ്ങിനായി അമ്പാടി ഹോട്ടലിന് എതിർവശം പഴയ പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ ഇന്ന്
രാവിലെ മൂന്നിന് പള്ളിയുണർത്തൽ, നാലിന് നടതുറക്കൽ, 4.30ന്
ഉഷഃനിവേദ്യം, അഭിഷേകം, 6.15 ന് എതൃത്തപൂജ, എതൃത്തശീവേലി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 7.30ന് പന്തീരടിപൂജ,​ 8.30ന് യോഗീശ്വരപൂജ (തിടപ്പള്ളിയിൽ), 9.10 മുതൽ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 10.30 മുതൽ 12.30 വരെ മേള പ്രമാണം ശങ്കരംകുളങ്ങര രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന പഞ്ചാരിമേളം, 12.45ന് ഉച്ചപൂജ, ഒന്നിന് പ്രസാദഊട്ട്, രണ്ടിന് ഇഷാൽ കെ. അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 3.30ന് മൈലക്കൊമ്പ് കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ആറിന് മൈലക്കൊമ്പ് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്, നിവേദ്യം പൂജ, 6.30ന് ദീപാരാധന, ശേഷം ഭക്തജന പങ്കാളിത്തത്തോടെ മഹാപ്രസാദഊട്ട്, രാത്രി ഏഴി ന് മൈലക്കൊമ്പ് കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെഴുന്നള്ളിപ്പ്, 9.30ന് ആനക്കൂട് കവലയിൽ എതിരേല്പ്, 12ന് ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ്.

അരങ്ങിൽ ആശാശരത്തിന്റെ നൃത്തം

അരങ്ങിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ ഭക്തിഗാനമേള, വൈകിട്ട് ആറ് മുതൽ 6.20 വരെ തിരുവാതിര, 6.30ന് വീണക്കച്ചേരി, 7.15 ന് തിരുവാതിര, 7.45 ന് സംഗീതാർച്ചന,​ ഒമ്പത് മുതൽ സുപ്രസിദ്ധ സിനിമാതാരം ആശാ ശരത്തും 20 കലാകാരികളും അവതരിപ്പിക്കുന്ന നൃത്തം.