തൊടുപുഴ: പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ലയന നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും, ഹയർ സെക്കണ്ടറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്നും ആവിശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴ, മുതലക്കോടം, കട്ടപ്പന മൂല്യനിർണ്ണയ ക്യാമ്പുകളിൽ ലയന വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത തുണികൊണ്ട് വായ് മൂടി മുട്ടിൻമേൽ നിന്നാണ് തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾകലാം ഗവ. ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പ്രതിഷേധിച്ചത്. ജില്ലാതല പ്രതിക്ഷേധ സംഗമത്തിന്റെ ഉദ്ഘാടനം എഫ്.എച്ച്.എസ്.ടി.എ. ജില്ലാ ചെയർമാൻ ഫ്രാൻസീസ് തോട്ടത്തിൽ നിർവ്വഹിച്ചു. ഷിജു കെ. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കൻമാരായ ജോസ് ജോസഫ്, ജിജി ഫിലിപ്പ്, സുനിൽ കെ.സി., ജോയിസ് മാത്യു, റ്റോജി തോമസ്, സിജോ ജോസ്, മനോജ് റ്റി. ബഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.