തൊടുപുഴ/ ഏലപ്പാറ: രാഹുൽ ഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പണത്തോടനുബന്ധിച്ച റാലിയിൽ സ്വന്തം കൊടിപോലും ഉപയോഗിക്കാൻ ഭയന്ന കോൺഗ്രസ് എങ്ങനെ ബി.ജെ.പിയെയും ഫാസിസത്തെയും എതിർക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിന് ബി.ജെ.പിയെ ഭയമാണ്. ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏലപ്പാറ, തൊടുപുഴ എന്നിവിടങ്ങളെിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം, ഏക സിവിൽ കോഡ്, 370-ാം വകുപ്പ് എന്നിവയിലെല്ലാം കോൺഗ്രസിന്റെ ആർജവമില്ലായ്മയും ഇരട്ടത്താപ്പും പ്രകടമാണ്. അവരുടെ പ്രകടന പത്രികയിൽ വിഷയത്തെക്കുറിച്ച് പരാമർശം പോലുമില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സി.പി.എമ്മും എൽ.ഡി.എഫും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുത്വ അജൻഡയിലൂടെ മതരാഷ്ട്രമാക്കി മാറ്റാനുള്ള വഴിയാണ് യഥാർത്ഥത്തിൽ പൗരത്വ ഭേദഗതി. അതിനെതിരെയെന്ന് പറയുന്ന കോൺഗ്രസിന് പ്രകടനപത്രികയിൽ ബി.ജെ.പി ഭയംകൊണ്ട് പൗരത്വ ഭേദഗതിയെന്ന് ഉച്ചരിക്കാൻ പോലുമാകുന്നില്ല. ഇന്ത്യ ഇന്ന് ചർച്ചചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയത്തോട് പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത മൃദുഹിന്ദുത്വത്താൽ വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്ന സ്ഥിതി. തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് എസ്.ഡി.പിയുമായി ബന്ധപ്പെട്ടത്. പിന്തുണ കോൺഗ്രസിനുള്ള അംഗീകാരമാണെന്നും എല്ലാവരുടേയും വോട്ടുവേണമെന്നും പറഞ്ഞ കെ. സുധാകരൻ തോറ്റതിന്റെ ആദ്യലക്ഷണം പ്രകടമാക്കി. നിലപാടില്ലായ്മയെ തുടർന്ന് കോൺഗ്രസ് ഇന്ന് രണ്ട് സംസ്ഥാനങ്ങിലായി ചുരുങ്ങി. രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ആർ.എസ്.എസ് ഭരണം ആപത്താണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഗുജറാത്തിലെയും മണിപ്പുരിലെയും വംശഹത്യ മറ്റ് സംസ്ഥാനങ്ങളിലേക്കും അവർ വ്യാപിപ്പിക്കും. സാമ്പത്തികമായി കേന്ദ്രം പണം തരാതെ ബുദ്ധിമുട്ടിക്കുമ്പോഴും രാജ്യത്തിനും ലോകത്തിനും മാതൃകയായ ഭരണമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന് ലഭിച്ച 70 അവാർഡുകളിൽ 24 എണ്ണവും നീതി ആയോഗിന്റേതാണ്. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു. 1600 എന്നത് 2500 ആക്കി വർദ്ധിപ്പിക്കുകയെന്നാണ് സർക്കാർ നിലപാട്. അടുത്ത മാർച്ചോടെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളം. അഞ്ചു ലക്ഷം കുടുംബങ്ങൾക്കാണ് വീട് നൽകിയത്. സർക്കാരിന്റെ കൈയിൽ പണം ഉണ്ടെങ്കിൽ അത് തങ്ങൾക്ക് ലഭിക്കുമെന്ന തിരിച്ചറിവ് ജനത്തിനുണ്ട്. പണം വന്നാൽ വീട്ടമ്മമാർക്കും പെൻഷൻ നൽകും. 2,40,000 സ്വയം സംരംഭകരിലൂടെ ഏഴ് ലക്ഷം പേർക്ക് തൊഴിലുണ്ടായി. 15,000 സ്റ്റാർട്ട്അപ്പ് മിഷനിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.