
വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ മുൻ തിരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തിയ ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ സമദൂര നിലപാടിലാണ്. ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇടുക്കിയിൽ എൽ.ഡി.എഫിന്റെ നിർണായക ശക്തിയായിരുന്നു. 2014ൽ സമിതിയുടെ പിന്തുണയോടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ജോയ്സ് ജോർജ് വിജയിച്ചു. അന്നത്തെ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു എല്ലാത്തിനും ചുക്കാൻ പിടിച്ചത്. ഇടുക്കിയിൽ യു.ഡി.എഫിനെതിരെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകാൻ എൽ.ഡി.എഫിനേക്കാൾ ഒരുപടി മുമ്പിലെത്തിയിരുന്നു സമിതി.
2020ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങാൻ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ജനകീയ വിഷയങ്ങളിലുള്ള സമിതിയുടെ പല നിലപാടുകളും തെറ്റിദ്ധരിക്കപ്പെട്ടെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സമിതിയുടെ മുഖമായ ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ കത്തോലിക്ക സഭ ഇടുക്കി രൂപത വിലക്കിയിരുന്നു. എന്നാൽ സമിതി പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോർജിനു വേണ്ടി പ്രചരണത്തിറങ്ങി. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും സമിതിയെ മാറ്റി ചിന്തിപ്പിച്ചു. പട്ടയ വിഷയങ്ങളിലെ മെല്ലെപ്പോക്കിലും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടുകളിലും ഒരു ഘട്ടത്തിൽ സമിതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഭൂസമരത്തിലൂടെ
ഉദയം
ഇടുക്കിയിലെ മലയോര മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സമര സംഘടനയായി 2007 മുതൽ പ്രവർത്തനം ആരംഭിച്ച കർഷക പ്രസ്ഥാനമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപത മെത്രാൻമാർ, യാക്കോബായ, മാർത്തോമാ, സി.എസ്.ഐ ക്രിസ്ത്യൻ സഭകൾ, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് സംഘടനകൾ, മുസ്ലീം മത പണ്ഡിതർ, ഇമാമുമാർ, സാമൂഹൃ രാഷ്ട്രീയ പ്രവർത്തകരുടെ നേതാക്കൾ എന്നിവർ ചേർന്നാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജനറൽ കൺവീനറായി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ തിരഞ്ഞെടുത്തു.
കേന്ദ്ര സ്ഥംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ ഉപാധികളോടെ ലഭിച്ച പട്ടയം കൈമാറ്റം ചെയ്യാനോ കരം പിടിക്കാനോ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ സമിതി പൊതുസമൂഹത്തിൽനിന്ന് പണം പിരിച്ച് അഡ്വ. ജോയ്സ് ജോർജിനെ ലീഗൽ അഡ്വൈസറായി നിയമിച്ച് സുപ്രീം കോടതിയിൽ കേസ് നടത്തുകയും ഭൂമി കൈമാറ്റം ചെയ്യാൻ അനുവാദം വാങ്ങിയെടുക്കുകയും ചെയ്തിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ സ്വീകരിച്ച നിലപാടാണ് സമിതിയെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കി പ്രതിരോധം തീർത്തത് ഹൈറേഞ്ച് സംരക്ഷണ സമിതിയായിരുന്നു. സമിതി ആരംഭിച്ച കാലം മുതൽ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നൽകിയിരുന്ന ആളാണ് ജോയ്സ് ജോർജ്. ഇടുക്കി ജില്ലയിൽ രണ്ടു ദിവസം ഹർത്താൽ പ്രഖ്യാപിച്ച് സമിതിയുടെ നേതൃത്വത്തിൽ തെരുവുസമരം നടത്തി. ഇടുക്കി രൂപത മെത്രാനായിരുന്ന മാത്യു ആനിക്കുഴികാട്ടിലായിരുന്നു സമിതിയെ ഏറ്റവുമധികം പിന്തുണച്ചത്.
എൽ.ഡി.എഫിന്റെ
കരുത്ത്
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് സമിതി പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. സമിതിയുടെ ലീഗൽ അഡ്വൈസർ ജോയ്സ് ജോർജിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇടതുപക്ഷം പിന്തുണയും നൽകി. പി.ടി തോമസിന്റെ ശിഷ്യനും അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡീൻ കുര്യാക്കോസായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. കസ്തൂരിരംഗൻ- ഗാഡ്ഗിൽ റിപ്പോർട്ടുകളിൽ കോൺഗ്രസിനും പി.ടിക്കുമെതിരെ ശക്തമായ പ്രതിരോധം തീർത്തത് ഇടുക്കി രൂപതയായിരുന്നു. ഇടുക്കി രൂപത മെത്രാനായിരുന്ന മാത്യു ആനിക്കുഴികാട്ടിലിന്റെ പ്രത്യക്ഷ എതിർപ്പ് വലിയ രീതിയിൽ കോൺഗ്രസിന് വെല്ലുവിളിയുയർത്തി. വോട്ട് ചോദിക്കുന്നതിനായി അരമനയിലെത്തിയ ഡീൻ കുര്യാക്കോസിന് നേരെ കോൺഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞ് ബിഷപ്പ് എതിർത്തുനിന്നതോടെ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ബാലികേറാമലയായി മാറി.
സമരത്തീയിൽ ജ്വലിച്ചു നിന്ന ജില്ലയിൽ നിന്നു ജോയ്സ് ജോർജ് വിജയിച്ചു. 70.75% പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 50542 വോട്ടുകൾക്കായിരുന്നു ജയം. തുടരെയുള്ള സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും നീതി നിഷേധങ്ങളും ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജോയ്സ് ജോർജ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടുക്കിയിൽ പോരാട്ടം ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും തമ്മിലായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. എന്നാൽ, രണ്ടാം തവണ ജോയ്സ് മണ്ഡലത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ചതോടെ ക്രൈസ്തവ സമൂഹത്തിന്റെയും സംഘടനകളുടെയും പിന്തുണയിലും മാറ്റം വന്നു. സമിതി കൺവീനർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ മറ്റു ചുമതലകൾ നൽകി സ്ഥലം മാറ്റിയതും സമിതിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. സമിതി അപ്രസക്തമാകുന്ന സാഹചര്യങ്ങളാണ് പിന്നീട് ഉണ്ടായത്.
2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ജോയ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കൊട്ടക്കാമ്പൂർ ഭൂമി വിഷയവും ജോയ്സ് ജോർജിനെതിരായി. 1,71,053 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു ഡീൻ കുര്യാക്കോസിന്റെ വിജയം. പിന്നീട് 2020ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ സമിതി സ്ഥാനാർത്ഥികളെ നിറുത്തിയില്ല. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയടക്കം വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സമിതി സ്ഥാനാർത്ഥികളെ നിറുത്തി വിജയിപ്പിച്ചതായിരുന്നു. വീണ്ടും ഒരു ലോക്സഭാ തിരഞ്ഞെടുപ്പെത്തുമ്പോൾ കാലങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർസോൺ എന്നിവയടക്കം അതിസങ്കീർണ്ണമായ ഭൂ പ്രശ്നങ്ങൾ തന്നെയാണ് ഇടുക്കിയിലെ ചർച്ചാ വിഷയം. എന്നാൽ ഈ വിഷയങ്ങൾ ഉന്നയിക്കാനോ സമരമുഖത്തിറങ്ങാനോ തയ്യാറാകാതെ സമദൂര നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അസാന്നിധ്യത്തിൽ ഇടുക്കിയിൽ അതിജീവന പോരാട്ട വേദി, ലാൻഡ് ഫ്രീഡം മൂവ്മെന്റ് തുടങ്ങിയ സംഘടകൾ സജീവമായി. ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് നിരവധി സമരങ്ങളും ഇവർ നടത്തിയിരുന്നു. എന്നാൽ ഇരുമുന്നണികളെയും ഒരുപോലെ എതിർക്കുന്ന ഇവർക്ക് ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.