തൊടുപുഴ: അവധിക്കാലത്ത് ജലാശയങ്ങളിൽ വിദ്യാർത്ഥികൾ മുങ്ങി മരിക്കുന്നത് തുടർക്കഥയായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ. ജില്ലയിൽ അഞ്ച് വർഷത്തിനിടെ നൂറ്റമ്പതോളം പേരുടെ ജീവനാണ് ജലാശയങ്ങളിൽ പൊലിഞ്ഞത്. അഞ്ച് ദിവസത്തിനിടെ രണ്ട് വിദ്യാർത്ഥികളാണ് തൊടുപുഴയിൽ മരിച്ചത്. വിദ്യാലയങ്ങൾ അടച്ചതോടെ വേനലവധിയുടെ ആഘോഷങ്ങളാണ് പലപ്പോഴും അപകടത്തിലേക്കു വഴി തെളിക്കുന്നത്. മുമ്പും പുഴകളിലും ജലാശയങ്ങളിലും കുളങ്ങളിലും ഒട്ടേറെ കൗമാരക്കാരുടെ ജീവൻ പൊലിഞ്ഞിട്ടും ഇക്കാര്യത്തിൽ ആവശ്യമായ ബോധവത്കരണം സ്‌കൂൾ തലത്തിലും മറ്റും നടക്കുന്നില്ലായെന്നതാണ് വസ്തുത. ഓരോ വേനൽ അവധിക്കാലവും പല കുടുംബങ്ങൾക്കും തോരാത്ത കണ്ണീർകാലമാകുകയാണ്. അരിക്കുഴ പാറക്കടവ് എം.വി.ഐ.പി കനാലിന്റെ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചതാണ് ഇതിൽ ഏറ്റവുമൊടുവിലെ സംഭവം. വഴിത്തല ജോസ് ഡെക്കറേഷൻ ഉടമ കുഴികണ്ടത്തിൽ പരേതനായ ബിജുവിന്റെ മകൻ ക്രിസ്പിനാണ് (22) മരിച്ചത്. ക്രിസ്പിന്റെ പിതാവ് ഒന്നരമാസം മുമ്പാണ് മരിച്ചത്. നാലാം തീയതി കാപ്പ് സ്വദേശിയായ വിദ്യാർത്ഥി തൊടുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കാപ്പ് കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മലാണ് (15) തൊടുപുഴ അച്ചൻ കവലയ്ക്കു സമീപം തൊടുപുഴയാറിൽ മുങ്ങി മരിച്ചത്. കദളിക്കാട് വിമല മാതാ ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ അജ്മൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് പുഴയുടെ ആഴങ്ങൾ ജീവൻ കവർന്നെടുത്തത്.
പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികൾ അറിയാതെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടേയ്ക്ക് എടുത്തു ചാടുന്നത്. അവധിക്കാലത്ത് അപകടത്തിൽപ്പെടുന്നവരിലേറെയും കുട്ടികളാണ്. നീന്തൽ അറിയാവുന്നവരും അല്ലാത്തവരും പുഴയും കുളങ്ങളും കാണുന്ന ആവേശത്തിൽ വെള്ളത്തിലേക്കിറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. സ്‌കൂൾ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽ പെടുന്നത് നാടിന് ഏറെ നൊമ്പരമാണ് സൃഷ്ടിക്കുന്നത്. കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാനാണ് പലരും പകൽസമയങ്ങളിൽ പുഴകളിലും മറ്റും കുളിക്കാനിറങ്ങുന്നത്. ജലാശയങ്ങളുടെ മനോഹാരിതയും അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള പ്രേരണയാകുന്നു. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊളിയിടുന്നത്. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെടുന്നത്. പല ജില്ലകളിലും ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജല സുരക്ഷാ ബോധവത്ക്കരണം സജീവമായി നടന്നു വരുന്നുണ്ട്.
കാക്കാം പൊന്നോമനകളെ
അവധിക്കാലത്ത് കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുക
മുതിർന്നവരില്ലാതെ കുട്ടികൾ വെള്ളത്തിലിറങ്ങരുത്
അപകടം പറ്റിയാൽ രക്ഷപ്പെടുത്താനുള്ള സംവിധാനം കരുതുക
ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ എടുത്തു ചാടരുത്
കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുക
നേരം ഇരുട്ടിയതിനു ശേഷം വെള്ളത്തിൽ ഇറങ്ങരുത്
സുഖമില്ലാത്തപ്പോഴോ മരുന്നുകൾ കഴിക്കുമ്പോഴോ ഇറങ്ങരുത്