തൊടുപുഴ: ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകമായ ഇളനീരിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കാഡ്‌സിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ഇളനീർ തെങ്ങ് പദ്ധതി നടപ്പാക്കുന്നു. അഞ്ചുവർഷംകൊണ്ട് പൂർത്തിയാകുന്ന ഈ പദ്ധതിയിൽ ആദ്യഘട്ടത്തിൽ തൊടുപുഴ നഗരസഭയിലെ ആയിരം വീടുകളാണ് തിരഞ്ഞെടുക്കുന്നത്. നാളകേര വികസന ബോർഡിൽ നിന്നും വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയും രോഗപ്രതരോധശേഷിയും ഉള്ള സങ്കരയിനം തെങ്ങിൻ തൈകളാണ് തിരഞ്ഞെടുക്കുന്ന ആയിരം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്. 150 രൂപ വിലയുള്ള മൂന്നുവർഷംകൊണ്ട് ഫലം ലഭിക്കുന്ന ഈ തെങ്ങിൻ തൈ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.അഞ്ചുവർഷം കൊണ്ട് 10000 തെങ്ങിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.ഇതിലൂടെ തൊടുപുഴ നഗരസഭയെ സമ്പൂർണ്ണ ഇളനീർ ലഭ്യ നഗരം എന്ന ലക്ഷ്യത്തലേക്ക് എത്തും. ഈ പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് പ്രകാരം ആദ്യവർഷം 1000 രണ്ടാം വർഷം 1500 മൂന്നാം വർഷം 2000 നാലാം വർഷം 2500 അഞ്ചാം വർഷം 3000 തൈകളാണ് സൗജന്യ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നഗരാതിർത്തിക്കുള്ളിൽ 10000 വീടുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത് . തൈ നടുന്നതനോടൊപ്പം പരിപാലന മുറകളും കീടങ്ങളിൽ നിന്നുള്ള സംരക്ഷണം നേടുന്നതിനുള്ള ഉപാധികളും കർഷകർക്ക് നൽകും. സമയാസമയങ്ങളിൽ തെങ്ങിന്റെ വളർച്ചയ്ക്കും മറ്റു മാറ്റങ്ങളും പരിശോധിക്കാൻ ഓൺലൈൻ സംവിധാനവും ഇതനോടൊപ്പം ഉണ്ടാകും. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ 7907139152 എന്ന വാട്‌സ്ആപ്പ് നമ്പരിൽ പേര്,വിലാസം,വീട് നമ്പർ,വാർഡ് നമ്പർ എന്നിവ അറിയിച്ചാൽ മതിയാകും. തൈകളുടെ വിതരണം മേട മാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് ആയിരിക്കുമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു