തൊടുപുഴ: ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന്റെ നിറവോടെ ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നും സക്കാത്ത് നൽകിയും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷമാക്കി. പുത്തൻ വസ്ത്രങ്ങളും മൈലാഞ്ചിയുടെ മൊഞ്ചും കുടുംബങ്ങളുടെയും ആത്മമിത്രങ്ങളുടെയും കൂട്ടിച്ചേരലുകളും പെരുന്നാൾ ആഘോഷം വർണാഭമാക്കി. നഗരത്തിലെ സൂപ്പർമാർക്കറ്റിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. പള്ളികളിലെല്ലാം ഈദ്ഗാഹുകളും നമസ്കാരങ്ങളും നടന്നു.

പ്രതികൂല കാലാവസ്ഥയിൽ കഠിനമായ വ്രതത്തിലൂടെ നേടിയെടുത്ത നന്മകൾ വരുംജീവിതത്തിലും നിലനിറുത്താൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും വ്രതം തന്ന വിശുദ്ധി സംരക്ഷിക്കണമെന്നും തൊടുപുഴ ടൗൺ സലഫി മസ്ജിദ് ഇമാം അക്ബർ സ്വലാഹി പറഞ്ഞു. കേരള നദ്വത്തുൽ മുജാഹിദീൻ കുമ്പംകല്ല് ബി.ടി.എം സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമാധാനത്തിനും ഗാസയിലെ പീഡിതർക്കും പ്രത്യേക പ്രാർത്ഥനയും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേർ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. സംഘടിത ഫിത്ർ സക്കാത്ത് വിതരണവും നടത്തി.