suliman-ravuther
സുലൈമാൻ റാവുത്തർ

തൊടുപുഴ: ജനപ്രിയനെന്ന പരിവേഷവും ഏൽപ്പിക്കുന്ന ജോലി കൃത്യതയോടെ ചെയ്ത് നേതൃത്വത്തിന്റെ പ്രശംസകൾ ഏറെ പിടിച്ചുപറ്റിയ പി. പി. സുലൈമാൻ ഒടുവിൽ മനംമടുത്താണ് കോൺഗ്രസ് പാളയം വിട്ടത്. അവഗണനകൾ ഏറെഏറ്റുവാങ്ങിയ മുൻ എം. എൽ. എയും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന റാവുത്തർ സി. പി. എംൽ ചേരാൻ തീരുമാനിച്ചവിവരം വാർത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുകയായിരുന്നു. കെ.പി.സി.സി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയർമാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം രാജിവെച്ചാണ് റാവുത്തർ ഇടുതപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി എമ്മിലേക്ക് എത്തുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിൽ കെ എസ് യു നേതാവായിരിക്കെ കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഭാഗമായി പൊതുപ്രവർത്തന രംഗത്തേക്ക് വന്ന് ജില്ലയിലെ യൂത്ത്കോൺഗ്രസിന്റെ പ്രസിഡന്റായി. വി.എം. സുധീരൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരിക്കെ സംസ്ഥാന ട്രഷറർ ആയും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1982 ൽ ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു. 1996 ൽ ഇപ്പോഴത്തെ യുഡിഎഫ് ജില്ലാ കൺവീനർ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയിൽ നിന്നും എൽ.ഡി.എഫ് എം.എൽ.എ ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് 30000 വോട്ടുകൾ വീതം നേടിയിരുന്നു. പല നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലും നിയോജക മണ്ഡലങ്ങളുടെ പ്രചരണച്ചുമതല റാവുത്തരെ തേടിയെത്തിയിരുന്നു. ഏറ്റവും നല്ല പ്രചരണച്ചുമതലക്കാരൻ എന്ന ഖ്യാതിയും നേടിയിരുന്നു.

കോൺഗ്രസ്

ഒളിച്ചുകളിക്കുന്നു

മതേതരത്വം സംരക്ഷിക്കുന്നതിനു ഇൻഡ്യൻ പാർലമെന്റിൽ ഇടതുപാർട്ടികളുടെ ശക്തമായ സാന്നിദ്ധ്യം അനിവാര്യമാണെന്നും, അതിനു വേണ്ടി കേരളത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സുലൈമാൻ റാവുത്തർ അഭ്യർത്ഥിച്ചു.മതേതരത്വത്തിനെതിരെ കനത്ത വെല്ലുവിളിയുയർത്തുന്ന സവർണ്ണ ഫാസിസ്റ്റ് വർഗ്ഗീയതയെ നേരിടുവാൻ ധൈര്യമില്ലാതെ കോൺഗ്രസ്സ് ഒളിച്ചു കളിക്കുകയാണെന്നു റാവുത്തർ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെയും, ദളിത് ആദിവാസി വിഭാഗങ്ങളെയും ചേർത്തു നിർത്തിയാൽ ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്നു കോൺഗ്രസ്സ് ഭയപ്പെടുന്നു.പൗരത്വ ഭേദഗതി നിയമത്തെ ദേശീയതലത്തിൽ ഫലപ്രദമായി എതിർക്കാൻ കോൺഗ്രസ്സ് തയ്യാറായില്ല. കേരളത്തിൽ ഇടതുപക്ഷ മുന്നണിയും, മുസ്ലിംലീഗും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ വന്നതു കൊണ്ടുമാത്രമാണു അവസാനഘട്ടത്തിൽ മടിച്ചുമടിച്ച് കോൺഗ്രസ്സ് രംഗത്തെത്തിയത്.രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മുസ്ലിം ലീഗിന്റെ കൊടിയഴിച്ചുമാറ്റിയിരിക്കുകയാണ്. ഉത്തരേന്ത്യയിലെ സവർണ്ണ വിഭാഗങ്ങളെ ഭയന്നാണ് മുസ്ലിം ലീഗിനെ മാറ്റി നിർത്തിയത്. കൂടുതൽ ഇടതുപക്ഷ എം.പിമാരെ പാർലമെന്റിലെത്തിക്കുകയാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം. കേരളത്തിലെ മതേതര സമൂഹം ഈ കടമ നിർവ്വഹിക്കുവാൻ തയ്യാറാകണമെന്ന് റാവുത്തർ അഭ്യർത്ഥിച്ചു.