മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം നടന്നു. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച പര്യടനം സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ. സലീംകുമാർ ഉദ്ഘാടനം ചെയ്തു. എൻ എ ബാബു അദ്ധ്യക്ഷനായി.
കാർഷിക വിഭവങ്ങൾ, പൂമാലകൾ, കണിക്കൊന്നപ്പൂക്കൾ, പഴക്കുലകൾ, പൂച്ചെണ്ടുകൾ, ഇളനീർ, നോട്ട് ബുക്കുകൾ നൽകിയും പടക്കം പൊട്ടിച്ചും പൊന്നാടയണിയിച്ചും വാദ്യമേളഞളോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. പറമ്പഞ്ചേരിയിൽ മുത്തുക്കുടകളും പൂത്താലങ്ങളുമായെത്തിയവർ തെരഞ്ഞെടുപ്പ് ചിഹ്നംകൊത്തിയൊരുക്കിയ തണ്ണി മത്തൻ നൽകി ആദ്യ സ്വീകരണം നൽകി.
വെള്ളാരംകല്ല്, കലൂർ, പെരുമാംകണ്ടം, പത്തകുത്തി, നാഗപ്പുഴ, പാലക്കുഴി, ചാറ്റുപാറ, കുന്നിയോട്, മണലിപ്പീടിക, കല്ലൂർക്കാട് ടൗൺ, കാവുംപടിയും കഴിഞ്ഞ് കോട്ടക്കവലയിലെത്തിയപ്പോൾ എൺപത്തെട്ടുകാരി കൊച്ചുകുടിയിൽ അമ്മിണി കേശവൻ വർണ്ണപ്പൂക്കൾ നൽകിയാണ് സ്വീകരിച്ചത്.