കുമളി: അണക്കര ഗുരദേവ സരസ്വതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ഉത്സവാഘോഷം പന്ത്രണ്ടിന് സമാപിക്കും. മൂന്നുദിവസങ്ങളിലായാണ് അണക്കര ഗുരദേവ സരസ്വതി ക്ഷേത്രത്തിലെ ഉത്സവാഘോഷം നടക്കുന്നത്. കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലം ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. എസ്.എൻ.ഡി.പി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികൾ തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയിടുപ്പ് വഴിപാട് നടന്നു. രണ്ടാം ഉത്സവ ദിവസമായ ഇന്നലെ രാവിലെ ദേവി സന്നിധിയിൽ കാർത്തിക പൊങ്കാല സമർപ്പണം നടന്നു. സമാപന ദിവസമായ ഇന്ന് വൈകിട്ട് മഹാ ഘോഷയാത്ര നടക്കും. താലപ്പൊലിയുടെയും വിവിധ വാദ്യ രൂപങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര ക്ഷേത്രത്തിൽ എത്തി സമാപിച്ച ശേഷം കൊടിയിറക്ക് മംഗളപൂജ എന്നിവയുടെ ഉത്സവത്തിന് സമാപനം കുറിക്കും. തുടർന്ന് ഗാനമേളയും നടക്കും.