joicegeorge-vandiperiar2


വണ്ടിപ്പെരിയാർ: പീരുമേട് മണ്ഡലത്തിലെ അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പര്യടനം അക്ഷരാർത്ഥത്തിൽ വികസന സന്ദേശ യാത്രയായി മാറി. വെള്ളിയാഴ്ച രാവിലെ 8ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാടിയിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്.
തുടർന്ന് കറുപ്പ് പാലത്തും, മൂന്നാമത് പോയിന്റായ മുല്ലപ്പെരിയാർ ജലം ആദ്യമെത്തുന്ന ജനവാസ കേന്ദ്രമായ വള്ളക്കടവിലുമായിരുന്നു സ്വീകരണം. താൻ എംപിയായിരുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ചതായി ജോയ്‌സ് ജോർജ് പറഞ്ഞു. തുടർന്ന് വണ്ടിപ്പെരിയാറിൽ പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന് സമീപത്തായിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ എത്തിയത്. പരമ്പരാഗത രീതിയിൽ ആരതി ഒഴിഞ്ഞും ഏലക്കാ മാലയും കൊളുന്ത് മാലയും അണിയിച്ചും ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. വാദ്യ മേളങ്ങളും പടയണിയും മറ്റു കലാരൂപങ്ങളും സ്വീകരണ പരിപാടിയെ മികവുറ്റതാക്കി.