തൊടുപുഴ: ഹരേ കൃഷ്ണ, ഹരേ കൃഷ്ണ... എങ്ങും നാരായണ മന്ത്രങ്ങൾക്കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ, ആയിരങ്ങൾ കണ്ണനെ കൺനിറയെ തൊഴുത് ഉത്സവബലിയുടെ പുണ്യം നുകർന്നു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവ ദിവസമായ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ ക്ഷേത്രത്തിന് മുന്നിൽ കാത്തുനിന്നത്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ എഴുന്നള്ളിയെത്തിയ ഭഗവാനെ ഒരു നോക്ക് കാണണം. സർവ ചരാചരങ്ങൾക്കും ഭഗവാൻ അന്നമേകി തൃപ്തിപ്പെടുത്തുന്ന പുണ്യസമയമാണിത്. ഈ സമയത്തെ ഭഗവത്ദർശനം പുണ്യമാണെന്നാണ് വിശ്വാസം. രാവിലെ 9.30ന് ഉത്സവബലി ദർശനം ആരംഭിച്ചപ്പോഴേക്കും ക്ഷേത്രത്തിന് പുറത്തുവരെ വലിയ ക്യൂ ദൃശ്യമായിരുന്നു. ഉത്സവബലി ദർശന സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ തിരുമുമ്പിൽ നാണയപ്പറ നിറയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. 11.30 മുതൽ ഭക്തജന പങ്കാളിത്തത്തോടെയുള്ള മഹാപ്രസാദ ഊട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ടോടെ അരങ്ങിലും ഭക്തരുടെ ഒഴുക്കായിരുന്നു. വൈകിട്ട് ദീപാരാധന, ശേഷം പ്രസാദഊട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പ്, തിരുമുമ്പിൽ വെള്ളിക്കുടത്തിൽ വലിയ കാണിക്ക, ഇറക്കി എഴുന്നള്ളിപ്പ്, സംഗീതച്ചേരി, തുടർന്ന് ബാലെ 'ഭീമസേനൻ" അരങ്ങേറി. ഇന്ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ എട്ടിന് ചാക്യാർകൂത്ത്, ഒമ്പതിന് നട അടയ്ക്കൽ, വൈകിട്ട് നാലിന് നടതുറക്കൽ, 6.30ന് ആറാട്ട്ബലി, ആനയൂട്ട്, ഏഴിന് ആറാട്ട് പുറപ്പാട്, 8.30ന് കൊടിക്കീഴിൽ പറവയ്പ്പ്, 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി സമർപ്പണം, 11ന് 25 കലശാഭിഷേകം.