കുമളി: കുമളിക്ക് സമീപം കൊല്ലംപട്ടടയിൽ ധാരാളം വീടുകളുള്ള കോളനി പ്രദേശത്ത് വീട്ടിൽ കയറി മോഷ്ടാക്കൾ യുവതിയെ കെട്ടിയിട്ട് സ്വർണ്ണ മാല കവർന്നെന്ന കേസിൽ ദുരൂഹത. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ രണ്ട് പേർ 28കാരിയെ ചുരിദാറിന്റെ ഷാൾ കൊണ്ട് കൈകാലുകൾ ബന്ധിച്ച് ഒന്നര പവന്റെ താലിമാല തട്ടിയെടുത്ത ശേഷം കട്ടിലിനടിയിൽ തള്ളിയെന്നും വായിൽ പ്ലാസ്റ്റർ ഒട്ടിച്ചതായുമാണ് പരാതി. യുവതി തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനയിൽ മാല വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ പന്തികേട് തോന്നിയ പൊലീസ് പൊലീസ് നായയെ വണ്ടിയിൽ നിന്ന് ഇറക്കിയതു പോലുമില്ല. അയൽവാസികളും അമ്പരപ്പിലാണ്. ജനാലയിലൂടെ മോഷ്ടാക്കൾ രക്ഷപെട്ടെന്ന് പറയുന്ന യുവതിയുടെ മൊഴികളിൽ സംഭവം സമയം അടക്കം വൈരുദ്ധ്യം നിലനിൽക്കുന്നു. വാതിൽ വഴി മോഷ്ടാക്കൾക്ക് എളുപ്പം കടക്കാമെന്നിരിക്കെ കൊച്ചുകുട്ടിക്ക് പോലും കടക്കാൻ പറ്റാത്ത ജനാലയിലൂടെ പ്രതികൾ കടന്നെന്നുമുള്ള യുവതിയുടെ മൊഴിയിൽ അമ്പരപ്പിലാണ് പൊലീസ്. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ദ്ധരുമടക്കം നല്ലൊരു ചെലവ് പൊലീസിനുണ്ട്. വ്യാജ പരാതിയെങ്കിൽ യുവതിക്കെതിരെ കേസും ചെലവായ പൈസ ഈടാക്കാനാണ് പൊലീസ് നീക്കം. മോശം ചിത്രം ഫോണിൽ എത്തിയെന്നുള്ള യുവതിയുടെ പരാതിയും പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.