തൊടുപുഴ: വിഷു ആഘോഷം പൊടിപൊടിക്കാൻ ജനം കൂട്ടത്തോടെ ഇറങ്ങിയതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും അനുഭവപ്പെടുന്നത് വൻ തിരക്ക്. വിഷുവിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആഘോഷം ഉഷാറാക്കാനുള്ള വിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ നാടും നഗരവും. പഴം പച്ചക്കറി കടകളിലും ബേക്കറികളിലും തുണിക്കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. കണിവയ്ക്കാനുള്ള വിഭവങ്ങളും വിപണിയിൽ സജീവമാണ്. കണിവെള്ളരി രണ്ട് ദിവസം മുമ്പ് മുതൽ മാർക്കറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കണിക്കൊന്ന പൂക്കൾ ഇന്നലെ മുതൽ വഴിയോരങ്ങളിലെല്ലാം വിൽപ്പനയ്ക്കുണ്ടായിരുന്നു. ജനത്തിരക്കേറിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

പച്ചക്കറിക്ക് നേരിയ വിലവർദ്ധന

വിഷുവിന് വിഭവ സമൃദ്ധമായ സദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറിക്ക് വാങ്ങണമെങ്കിൽ അൽപ്പം കൈപ്പൊള്ളുമെന്നതാണ് സ്ഥിതി. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് ബീൻസ്, പയർ, വെണ്ടയ്ക്ക, പാവയ്ക്ക, തക്കാളി, മുരിങ്ങായ്ക്ക തുടങ്ങിയവയ്ക്ക് നല്ല രീതിയിൽ വില ഉയർന്നിട്ടുള്ളത്. പയറിനും വള്ളിപയറിനും 40 രൂപയോളം കൂടി. ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക എന്നിവയ്ക്ക് 20 രൂപയോളം കൂടി. മറ്റ് ഇനങ്ങളുടെ വില നേരിയ തോതിലാണ് ഉയർന്നിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നാണ് ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്.

കൊന്നേ കണിക്കൊന്ന

കണിക്കൊന്നയില്ലാതെ കണി കാണുന്ന കാര്യം ചിന്തിക്കാനാവില്ല. തൊടിയിലും പറമ്പിലുമൊന്നും പണ്ടത്തെ പോലെ കണിക്കൊന്ന ഇപ്പോൾ കണികാണാൻ പോലുമില്ല. വിപണിയിലാകട്ടെ ആളെ കൊല്ലുന്ന വിലയാണ് കണിക്കൊന്നയ്ക്ക്. ഒരു ചെറിയ പിടി കൊന്നയ്ക്ക് 40 മുതൽ 50 രൂപ വരെയാണ് വഴിയോരക്കച്ചവടക്കാർ വാങ്ങുന്നത്.

കണി കാണാൻ വെള്ളരി റെഡി

കണ്ണനോടൊപ്പം കണികാണാൻ സ്വർണവർണമാർന്ന വെള്ളരി വിപണിയിലെത്തി. തുടുത്തുമിനുത്ത കണിവെള്ളരികൾക്ക് 45- 55 രൂപ വരെയാണ് വില. അരക്കിലോ മുതൽ രണ്ടുകിലോ വരെ വലുപ്പമുള്ള കണിവെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽ മഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴകൊണ്ടാൽ മൂത്ത വെള്ളരിയടക്കം പൊട്ടി നശിച്ചപോകും. മുൻ വർഷത്തെ അപേക്ഷിച്ച് സമയം തെറ്റി പെയ്ത മഴയും കടുത്ത വേനലും കൃഷിയെ സാരമായി ബാധിച്ചിരുന്നു. വിഷുവിന്റെ വരവറിയിച്ച് വീടിന്റെ ഉമ്മറത്ത് കണിവെള്ളരി തൂക്കിയിടുന്ന ശീലം മലയാളിക്കുണ്ടായിരുന്നു. കണിയൊരുക്കുന്നതിലും കണിക്കൊന്നയോളം പ്രാധാന്യം കണിവെള്ളരിക്കുമുണ്ട്.

പടക്കവിപണി മിന്നിച്ചേക്കണേ

വിഷു വിപണിയിലെ കുട്ടികളുടെ പ്രധാന ആഘോഷം പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പടക്കങ്ങളുമൊക്കെ ഉപയോഗിച്ചാണ്. ഇത്തവണയും എല്ലാത്തരം ഇനങ്ങളും വിപണിയിൽ ലഭ്യമാണ്. ചൈനീസ് ഐറ്റങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. എന്തായാലും ക്രിസ്തുമസിനും ന്യൂഇയറിനും ശേഷം പടക്ക വിപണിക്ക് വീണ്ടും ഒരു നല്ലകാലം വന്നിരിക്കുകയാണ്. നിലവിൽ തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നുമാണ് കേരളത്തിലെ പടക്ക മൊത്ത വ്യാപാരികൾ ലോഡ് എടുക്കുന്നത്. വിഷുവും ഉത്സവങ്ങളും പള്ളിപെരുന്നാളുമെത്തിയതോടെ ശിവകാശിയിലെ വ്യാപാരികൾ ഒരോ ഇനങ്ങൾക്കും 10 രൂപ മുതൽ 100 രൂപ വരെ വില ഉയർത്തിയതായി കേരളത്തിലെ വ്യാപാരികൾ പറയുന്നു. ഇതോടെ പതിവിൽ കൂടുതൽ പണം മുടക്കിയാണ് കേരളത്തിലേക്ക് പടക്കങ്ങളും പൂത്തിരിയും മത്താപ്പു അടക്കമുള്ള ഇനങ്ങൾ എത്തിക്കുന്നത്. ഇതോടെ വില വ്യത്യാസം കേരളത്തിലും അനുഭവപ്പെടുന്നുണ്ട്.