തൊടുപുഴ: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ഐ.ഡി നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന തൊടുപുഴ അർബൻ സഹകരണ ബാങ്ക് 2023- 24 സാമ്പത്തിക വർഷത്തിൽ 1.38 കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാക്കിയെന്ന് ഭരണസമിതി. ആർ.ബി.ഐ നിഷ്‌കർഷിച്ച എല്ലാ നിയമപരമായ കരുതലുകൾക്കും ശേഷമാണ് ഇത്. തുടർച്ചയായി രണ്ടാം വർഷമാണ് ബാങ്ക് ലാഭത്തിലാകുന്നത്. നെറ്റ് നിഷ്‌ക്രിയ ആസ്തി (എൻ.എൻ.പി.എ) കഴിഞ്ഞ വർഷത്തെ 11 ശതമാനത്തിൽ നിന്ന് 2.99 ശതമാനമായി കുറഞ്ഞു. എൻ.എൻ.പി.എ 6 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് ആർ.ബി.ഐ മാനദണ്ഡം. മൂലധന പര്യാപ്തത 13.13% ആയി. ഇത് 10 ശതമാനത്തിൽ കുറയാൻ പാടില്ലെന്നാണ് ആർ.ബി.ഐ നിഷ്‌കർഷിക്കുന്നത്. ബാങ്കിന്റെ മൂലധനം 15 കോടി രൂപയായി. ഇത് 1,00,000 രൂപ എങ്കിലും വേണം എന്നുള്ളതാണ് ആർ.ബി.ഐ മാനദണ്ഡം. 2023- 24 സാമ്പത്തിക വർഷം 14 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. എൻ.പി.എ തുക 50 കോടിയിൽ നിന്ന് 36 കോടി രൂപയായി. മാർച്ച് 31ലെ നിക്ഷേപം 135 കോടിയാണ്. വായ്പ ബാക്കി നിൽപ് 89 കോടിയാണ്. ആർ.ബി.ഐ നിർദ്ദേശ പ്രകാരം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നതും ബാങ്കിന്റെ കൈവശമുള്ളതും കൂടി 155 കോടിയാണ്. 100 വർഷം പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിന്റെ ഇനി വരുന്ന നാളുകൾ പുരോഗതിയുടേത് മാത്രമാണെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. 2023- 24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി ആർ.ബി.ഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭരണസമിതിയും ജീവനക്കാരും ചേർന്ന് നടത്തിവരികയാണെന്നും എ.ഐ.ഡി ഉടൻ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്കിന്റെ ചെയർമാൻ വി.വി. മത്തായിയും മാനേജിങ് ഡയറക്ടർ ജോസ് കെ. പീറ്ററും അറിയിച്ചു.