ഇടുക്കി: ഇക്കൊല്ലത്തെ മംഗളദേവി ചിത്രാപൗർണമി ഉത്സവം നടക്കുന്ന 23 ന് പുലർച്ചെ ആറ് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് സുരക്ഷിത ദർശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
രാവിലെ നാല് മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളിൽ ഭക്ഷണവും കയറ്റിവിടും. ഒരോ ട്രാക്ടറുകളിലും ആറു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചയ്ക്ക് 2.30ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കുകയുമില്ല. ആർ.ടി.ഒ നിഷ്‌കർഷിക്കുന്ന തുക മാത്രമേ ട്രിപ്പ് വാഹനങ്ങൾ ഭക്തരിൽ നിന്ന് ഈടാക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച നിരക്ക് ഉടൻ പ്രസിദ്ധീകരിക്കും. ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ പാസ് നൽകും. കുമളി ബസ് സ്റ്റാൻഡിൽ 20, 21, 22 ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളുടെയും ആർ.ടി.ഒ മാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധിച്ചാകും പാസ് അനുവദിക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും മലമുകളിൽ ഏർപ്പെടുത്തും. മുൻ വർഷത്തേക്കാൾ കൂടുതൽ താത്കാലിക ടോയ്ലറ്റ് സൗകര്യങ്ങൾ സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കുകയും മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ചെയ്യും. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. കുമളിയിൽ പ്രത്യേക പാർക്കിങ് സൗകര്യം സജ്ജമാക്കുവാനും ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഒരുക്കുവാനും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാനും കുമളി ഗ്രാമപഞ്ചായത്തിന് യോഗം നിർദേശം നൽകി. ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, തേനി ജില്ലാ പൊലീസ് മേധാവി ആർ. ശിവപ്രസാദ്, പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുബാഷ് റാവു, മേഘമല വന്യജീവി സങ്കേതം വൈൽഡ് ലൈഫ് ഡി.ഡി. ആനന്ദ്, തേനി ജില്ലാ ഫോറസ്റ്റ് ഓഫീസർ സമർത്ഥ തുടങ്ങിയവർ പങ്കെടുത്തു.