തൊടുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥന്റെ ഇടുക്കി നിയോജക മണ്ഡലത്തിലെ പര്യടനം ഇന്നലെ അവസാനിച്ചു. ഇന്നലെ രാവിലെ കുടയത്തൂർ പഞ്ചായത്തിലെ കോളപ്പറയിൽ നിന്നുമാണ് സംഗീത പര്യടനം ആരംഭിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനേഷ് കുടിക്കയത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. കുടയത്തൂർ, അറക്കുളം, കഞ്ഞിക്കുഴി, വാത്തിക്കുടി, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകൾ സഞ്ചരിച്ച് ചെറുതോണിയിലാണ് പര്യടനം സമാപിച്ചു. വിഷുക്കാലമായതിനാൽ കണിക്കൊന്നപ്പൂ നൽകിയാണ് മിക്ക സ്ഥലങ്ങളിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വിഷു ദിനമായ ഇന്ന് കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിൽ സംഗീത പര്യടനം നടത്തും. സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ എല്ലാവർക്കും വിഷു ആശംസകളറിയിച്ചു.