road
നിർമ്മാണം ഇനിയും പൂർത്തിയാകാത്ത താന്നിക്കണ്ടം- പട്ടാളപ്പടി റോഡ്‌

ചെറുതോണി: കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് പട്ടാളപ്പടി- താന്നിക്കണ്ടം റോഡിന്റെ നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണെന്ന് പ്രദേശവാസികൾ. പ്രളയത്തെത്തുടർന്ന് റീ ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്. ഇതിനായി മൂന്നരക്കോടി രൂപയും അനുവദിച്ചു. പൈനാവ് താന്നിക്കണ്ടം അമൽജ്യോതി സ്‌കൂളിന്റെ സമീപത്ത് നിന്ന് ആരംഭിക്കുന്ന അഞ്ച് കിലോമീറ്റർ റോഡ് താന്നിക്കണ്ടം പള്ളി വരെയാണുള്ളത്. മാർച്ച് 31ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാമെന്ന് കരാറുണ്ടായിരുന്നെങ്കിലും ഇപ്പോഴും റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ മണ്ണ് പണി മാത്രമാണ് നടക്കുന്നത്. അതേസമയം നിലവിലെ റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. ഒരു മഴ പെയ്താൽ റോഡിലെ മണ്ണ് മുഴുവൻ ഒഴുകിപ്പോകും. സോളിംഗ് വിരിച്ച് റോഡ് ടാറ് ചെയ്യാൻ യാതൊരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. വേനൽ ശക്തമായതോടെ റോഡിലെ പൊടി പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് ഈ റോഡ് മൂലം പ്രയോജനം ലഭിക്കുന്നത്. പൈനാവ്- ചെറുതോണി റൂട്ടിൽ ഗതാഗത തടസമുണ്ടായാൽ സമാന്തരപാതയായി പ്രയോജനപ്പെടുത്താവുന്ന ഈ റോഡിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പണി പൂർത്തിയാക്കാത്തതിന്റെ അമർഷത്തിലാണ് നാട്ടുകാർ.