തൊടുപുഴ: പത്ത് നാൾ നഗരത്തെ അമ്പാടിയാക്കിയ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി. ഈ ഉത്സവനാളുകളിൽ പതിനായിരങ്ങളാണ് മറുനാട്ടിൽ നിന്നടക്കം കണ്ണനെ ഒരു നോക്ക് കാണാനായി അമ്പലനടയിലേക്ക് ഒഴുകിയെത്തിയത്. രാവും പകലും നാരായണീയ മന്ത്രങ്ങൾ നിറഞ്ഞ് നിന്നു. കൊടുംചൂടിലും ഉത്സവം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. ഭക്തജനങ്ങൾ ആഘോഷമാക്കിയ ആനക്കൂട്, കാഞ്ഞിരമറ്റം എതിരേൽപ്പുകളും ഉത്സവബലി ദർശനവും ഇതിന് ഉദാഹരണമായിരുന്നു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു ആറാട്ട് ബലി. തുടർന്ന് ആനയൂട്ട്, ആറാട്ട് പുറപ്പാട്, കൊടിക്കീഴിൽ പറവയ്പ്പ്, കൊടിയിറക്ക്, ആറാട്ട് കഞ്ഞി സമർപ്പണം, 25 കലശാഭിഷേകം. ആറാട്ട് കടവിൽ നിന്ന് എതിരേൽപ്പ്, പഞ്ചവാദ്യം, കൊടിക്കീഴിൽ പറവയ്പ്പ്. രാത്രി 10.30ന് കൊടിയിറങ്ങി. തുടർന്ന് ആറാട്ട് കഞ്ഞി, 25 കലശാഭിഷേകം എന്നിവയുമുണ്ടായിരുന്നു.
ഇന്ന് വിഷുക്കണി ദർശനം
ഇന്ന് രാവിലെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും 11ന് കളഭാഭിഷേകവും നടക്കും.