അടിമാലി: മാങ്കുളം- ആനക്കുളം റോഡിൽ അപകടങ്ങൾ തുടർക്കഥയായ പേമരം വളവിൽ വീണ്ടും വാഹനാപകടം. വൈകിട്ട് ആറ് മണിയോടെ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് നാല് പേരുടെ മരണത്തിനിടയാക്കിയ ട്രാവലർ അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലനാരിഴയ്ക്കാണ് കൊക്കയിൽ പതിക്കാതെ രക്ഷപ്പെട്ടത്. വാഹനം താഴേക്ക് പതിച്ചിരുന്നെങ്കിൽ വീണ്ടും സമാന രീതിയിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. കൊക്കയുടെ എതിർ വശത്തേക്ക് വെട്ടിച്ച് മാറ്റിയതിനാലാണ് വാഹനം കൊക്കയിലേക്ക് മാറിയാതിരുന്നത്.