ഇടുക്കി: കോൺഗ്രസ് പ്രകടനപത്രികയിലെ ജില്ലയിൽ കൂടുതൽ വനവത്കരണം നടത്തുമെന്ന നിർദ്ദേശം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഈ നിർദ്ദേശം പിൻവലിക്കണമെന്നും അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. 1972ലെ വന്യജീവി സംരക്ഷണ നിയമം, 80ലെ വന സംരക്ഷണ നിയമം, 86ലെ പരിസ്ഥിതി നിയമം ഇവയെല്ലാം കൊണ്ടുവന്നതും ഇവയുടെ പ്രായോഗിക നടപ്പാക്കലിലൂടെ പശ്ചിമഘട്ടത്തിലെ ദശലക്ഷക്കണക്കിന് കൃഷിക്കാരെയും ബഹുജനങ്ങളെയും ദ്രോഹിച്ചതും കോൺഗ്രസുകാരാണ്. ഈ നിയമങ്ങളിൽ കാലാകാലങ്ങളിൽ കൊണ്ടുവന്ന ചട്ടഭേദഗതികൾ കടുത്ത ദ്രോഹമായി മാറി. 2013 ലെ ചട്ടഭേദഗതിയിലൂടെ വന്യജീവികളുടെ അനിയന്ത്രിതമായ വർദ്ധനവ് വനങ്ങളുടെ സമീപങ്ങളിലേക്ക് വന്യജീവികളുടെ കടന്നു വരവിനും കടന്നാക്രമണത്തിനും ഗതിവേഗം വർദ്ധിപ്പിച്ചു. കാട്ടുപോത്ത്, കടുവ, പുലി, കാട്ടാന, പന്നി എന്നിവയുടെ ആക്രമണത്തിൽ പശ്ചിമഘട്ടത്തിൽ ഇതിനോടകം അനേക മനുഷ്യജീവനുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു.
വൻതോതിലുള്ള കൃഷിനാശമാണ് ഇവയുണ്ടാക്കിയത്. മനുഷ്യൻ പാർക്കുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ തകർക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ജനങ്ങൾക്കുണ്ടായത്. വന്യമൃഗശല്യം മൂലം വീടും കൃഷിയുമുപേക്ഷിച്ചു ജനങ്ങൾ നാടുവിടുന്നു. സമീപ വർഷങ്ങളിലെ വന്യജീവി ആക്രമണങ്ങൾ മനുഷ്യജീവന് വെല്ലുവിളിയായപ്പോൾ ഈ കേന്ദ്ര നിയമങ്ങളെപറ്റി ഇടുക്കിയുടെയും വയനാടിന്റെയും പത്തനംതിട്ടയുടെയും എം.പിമാർ പാർലമെന്റിൽ മിണ്ടാനോ പ്രതിഷേധിക്കാനോ തയ്യാറായില്ല. 2022ലെ വന്യജീവി സംരക്ഷണ ചട്ടഭേദഗതിയിലും പശ്ചിമഘട്ടത്തെ വനമാക്കാൻ 47,​000 കോടി രൂപ കാർബൺ ഫണ്ടായി കേന്ദ്ര കോൺഗ്രസ് ഭരണാധികാരികൾ പറ്റിയെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇതിന്റെ ഭാഗമാണ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിഷനുകൾ. പണവും ചില മതശക്തികളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരുടെയും പിന്തുണയോടെ മലയോരജനതയെ കുടിയൊഴിപ്പിച്ച് വനവത്കരണം നടത്താമെന്ന മോഹം അടിച്ചു പൊളിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.