തൊടുപുഴ: കൗമാരക്കാർ ലൗജിഹാദിലും നർക്കോട്ടിക് ജിഹാദിലും പെട്ടുപോകാതിരിക്കാൻ ബോധവത്കരണത്തിന്റെ ഭാഗമായി ബൈബിൾ ക്ലാസിൽ ഇടുക്കി രൂപത കേരളാ സ്റ്റോറി എന്ന സിനിമ മുതിർന്ന കുട്ടികൾക്കായി പ്രദർശിപ്പിച്ചത് ഉചിതവും അഭിനന്ദനാർഹവുമാണെന്നും വിഷയത്തിൽ ഇടുക്കി രൂപതയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നതാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലൗ ജിഹാദ് ഉണ്ട് എന്നുള്ളതിന് തെളിവില്ല എന്ന് ഹൈക്കോടതി പറഞ്ഞത് അന്വേഷണ ഏജൻസികൾ തെറ്റായ റിപ്പോർട്ട് കോടതിയിൽ കൊടുത്തതുകൊണ്ടാണ്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ അടിമകളായ ഇടതുവലതുമുന്നണികൾ അധികാരമുപയോഗിച്ച് സത്യം മൂടി വെക്കാൻ ശ്രമിക്കുകയാണ്. സ്വന്തം മക്കളെ ലൗ ജിഹാദിന്റെ ഭാഗമായി കെണിയൽപ്പെടുത്തിയതാണെന്ന് പല മാതാപിതാക്കളും വാർത്താ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടും ഇതേപ്പറ്റി അന്വേഷിക്കാൻ കേരളത്തിലെ സർക്കാർ സംവിധാനം തയ്യാറായില്ല. തീവ്രവാദത്തിനെതിരെ പറയുമ്പോഴും സിനിമ ഇറങ്ങുമ്പോഴും അതിനെയൊക്കെ മുസ്ലിം സമൂഹവുമായി കൂട്ടിക്കുഴയ്ക്കുന്ന ഇടതു വലതുമുന്നണികൾ കടുത്ത അനീതിയാണ് മുസ്ലീം സമൂഹത്തോടു കാണിക്കുന്നത്.
കേരളത്തിലെ ചില മത തീവ്രവാദസംഘടനകൾ വളരെ ആസൂതിതമായി മറ്റു മതസ്ഥരായ കുട്ടികളെയും, ദരിദ്രരായ കുട്ടികളെയും പ്രണയം നടിച്ച് വശത്താക്കി, സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ കൊണ്ടുപോയി ആയുധപരിശീലനം നൽകി തീവ്രവാദികളാക്കിയും ലൈഗീക അടിമകളാക്കിയും പീഡനം നടത്തുന്നത് ചിത്രീകരിച്ചിരിക്കുന്ന കേരളാ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരെ ഇടതും- വലതും മുന്നണി രാഷ്ട്രീയക്കാർ രംഗത്തുവന്നത്, അവർ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നതിന് തെളിവാണ്. സെൻസർ ബോർഡിന്റെ അംഗീകാരമുള്ള സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചത് ഭാരത നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ് ടി.കെ. രാജു, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. സോമൻ, ജില്ലാ ട്രഷറർ എം.കെ. നാരായണ മേനോൻ, ജില്ലാ സെക്രട്ടറി കെ.എസ്. സലിലൻ, ജില്ലാ സംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, എ.കെ. കണ്ണൻ, പി.ജി. റെജിമോൻ, കെ.ആർ. സതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.