thekkady
തേക്കടി പുഷ്പമേള സന്ദർശിക്കുന്നവർ

കുമളി: പൂക്കളുടെ വർണ്ണോത്സവം തീർക്കുന്ന പതിനാറാമത് തേക്കടി പുഷ്പമേളയ്ക്ക് ഓരോ ദിവസവും തിരക്കേറുന്നു. ഇരുന്നൂറ്റിയമ്പതിൽപ്പരം പൂച്ചെടികൾ,​ ഫലവൃക്ഷങ്ങളുടെ തൈകൾ,​ അലങ്കാരച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, അലങ്കാര മത്സ്യങ്ങൾ, വാണിജ്യ സ്റ്റാളുകൾ തുടങ്ങി മണിക്കുറുകൾ ചിലവഴിക്കാനുള്ളതെല്ലാം തേക്കടി പുഷ്പമേളയിൽ ഒരുക്കിയിട്ടുണ്ട്. പകൽ സമയത്തെ കനത്ത ചൂടിലും ചെടികളും പൂക്കളും വാടാതെ സൂക്ഷിക്കാൻ മുഖ്യ സംഘാടകരായ കുമളി ഗ്രാമ പഞ്ചായത്തും മണ്ണാറത്തറ ഗാർഡൻസും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും വിപുലമായ ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്. പുഷ്പമേള നടക്കുന്ന കുമളി പഞ്ചായത്തിൽ ഇതുവരെ മഴ ലഭിച്ചിട്ടില്ല. ദിവസവും ലോറികളിൽ വെള്ളമെത്തിച്ചാണ് ചെടികൾ നനയ്ക്കുന്നത്. വാടുന്ന ചെടികൾക്ക് പകരം പുതിയ ചെടികൾ ദിവസവും മാറ്റി വയ്ക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് പുഷ്പമേള സന്ദർശിക്കാൻ എത്തുന്നവരെ കൂടാതെ തമിഴ്നാട്ടിൽ നിന്ന് ദിവസവും നൂറുകണക്കിനാളുകളാണ് തേക്കടി പുഷ്പമേള അസ്വദിക്കാനെത്തുന്നത്. വൈകുന്നേരങ്ങളിലാണ് പുഷ്പമേള സന്ദർശകരുടെ തിരക്ക് കൂടുന്നത്. വിഷുദിനത്തിൽ അയ്യായിരത്തോളം പേരാണ് തേക്കടി പുഷ്പമേളയ്‌ക്കെത്തിയത്. ദിവസവും വൈകിട്ട് ഏഴു മുതൽ പ്രൊഫഷണൽ ട്രൂപ്പുകളുടെ കലാപരിപാടികൾ നടക്കുന്നുണ്ട്. പുഷ്പമേളയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിലെ വിനോദങ്ങളിൽ പങ്കെടുത്ത് കലാപരിപാടികൾ കണ്ട് കൈ നിറയെ സാധനങ്ങളും വാങ്ങിയാണ് കുടുംബമായി എത്തുന്നവർ വീടുകളിലേയ്ക്ക് മടങ്ങുന്നത്. തേക്കടി പുഷ്പമേളയുടെ സംഘാടക സമിതി ചെയർപേഴ്സൺ കുമളി പഞ്ചായത് പ്രസിഡന്റ് രജനി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് , മണ്ണാറത്തി ഗാർഡൻസ് സഹോദരങ്ങളായ ഷാജി, റെജി, പുഷ്‌കരൻ, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.ടി. തോമസ് എന്നിവർ പുഷ്പമേളയുടെ ഭംഗിയായ നടത്തിപ്പിനായി രംഗത്തുണ്ട്.