വണ്ടന്മേട്: കൊച്ചറ കൈലാസഗിരി ശിവപാർവതി ക്ഷേത്ര പരിസരത്ത് മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം പതിവായിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഞായറാഴ്ച വിഷു ദിനത്തിൽ ക്ഷേത്രത്തിലെ നന്ദികേശ പ്രതിഷ്ഠയിൽ കയറിയിരുന്ന് മദ്യപിക്കുന്ന അവസ്ഥയുണ്ടായി. ഈ സമയം ക്ഷേത്രത്തിലെത്തിയ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ മദ്യപസംഘം കൈയേറ്റം ചെയ്തു. ശാഖാ സെക്രട്ടറി, കമ്മിറ്രി അംഗം, കഴകക്കാരൻ എന്നിവരെയാണ് അക്രമിച്ചത്. ഇതുസംബന്ധിച്ച് വണ്ടന്മേട് പൊലീസിൽ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. ഇതിന് മുമ്പ് സമാനമായ സംഭവങ്ങളിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. കൊച്ചറയിലുള്ള മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങി രാത്രി ക്ഷേത്ര പരിസരത്തു മദ്യപിച്ച ശേഷം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് ഇവർ പറയുന്നു.
കർശന നടപടിയെടുക്കണം: ശാഖാ കമ്മിറ്റി
ഭക്ത ജനങ്ങളുടെ വിശ്വാസത്തെയും മത സൗഹാർത്ഥത്തെയും തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൊച്ചറ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മദ്യവില്പന കേന്ദ്രം മാറ്റാനുള്ള സമരം ഉൾപ്പെടെ യോഗം ആലോചിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശാഖ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ സുദർശനൻ അഞ്ചുതൈക്കൽ, പി.ആർ. ഷൈജു, ദീപു പരുത്തപ്പാറ, സുധീർ തെക്കേക്കണ്ണാട്ട്, സന്ദീപ് കൊല്ലമ്പാറ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വൈശാഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.സി. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.കെ. ജയൻ നന്ദിയും പറഞ്ഞു.