രാജാക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറി നടത്താൻ ഇടതുപക്ഷം ശ്രമിക്കുന്നതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. 85 വയസുള്ളവരും 40 ശതമാനം അംഗവൈകല്യമുള്ളവരുമായ സമ്മതിദായകർക്ക് അവരവരുടെ വീടുകളിൽ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. ബൂത്ത് ലെവൽ ഓഫീസർമാരും ബൂത്ത് ലെവൽ ഏജന്റുമാരും മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം വീടുകളിൽ എത്തണമെന്നും നിർദ്ദേശത്തിലുള്ളതാണ്. ഈ മാസം 15 മുതൽ 21 വരെയാണ് ഇതിനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ബി.എൽ.ഒമാരെയോ ബി.എൽ.എമാരേയോ അറിയിക്കാതെയും കൂടെ കൂട്ടാതെയും ഉദ്യോഗസ്ഥർ മാത്രം ഈ പ്രവൃത്തി ചെയ്യുകയാണ്. ഇടതു ചായ്‌വുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് വിനിയോഗിക്കുന്നത്. ഇത് വോട്ടുകൾ അട്ടിമറിക്കുന്നതിനുള്ള തന്ത്രമാണ്. ഇടുക്കിയിലെ ബഫർസോൺ പ്രശ്നത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നിർദ്ദേശിച്ചിരുന്നത് സീറോ പോയിന്റായിരുന്നു. ഇതു തന്നെയായിരുന്നു തമിഴ്നാടും നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സീറോ പോയിന്റെന്നത് കേരളത്തിൽ ഒരു കിലോമീറ്ററാക്കി റിപ്പോർട്ട് സമർപ്പിക്കുകയാണുണ്ടായത്. രാജ്യത്തെ വനവിസ്തൃതി കുറഞ്ഞത് വർദ്ധിപ്പിക്കാനായി അതത് സംസ്ഥാന സർക്കാരുമായി യോജിച്ച് ഇടപെടൽ നടത്തുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ പ്രത്യേക ഭാഗം എടുത്ത് കേരളം മുഴുവൻ വനമാക്കാൻ കോൺഗ്രസ് ഒത്താശ ചെയ്യുന്നെന്ന വ്യാജ പ്രചരണം വ്യാപകമായി പ്രചരിപ്പിക്കാൻ എൽ.ഡി.എഫ് നേതാക്കളും അണികളും കഠിനശ്രമം നടത്തുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. കെ.പി.സി.സി സംസ്ഥാന സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് നേതാക്കളായ ബെന്നി തുണ്ടത്തിൽ, എം.പി. ജോസ്, എ.ജെ. കുര്യൻ, ജമാൽ ഇടശ്ശേരിക്കുടി തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്.