വണ്ണപ്പുറം: പഞ്ചായത്തിലെ പട്ടയക്കുടിയിലെ ജനവാസ മേഖലയിൽ പതിവായി കാട്ടാനയിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ആനക്കുഴി ടൗണിന് സമീപം വരെ എത്തി. പലരുടെയും കൃഷിയിടത്തിലെ കാർഷിക വിളകളും ആന നശിപ്പിച്ചു. വാഴ, തെങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. പട്ടയക്കുടി കൊച്ചുപുരയ്ക്കൽ അച്ചൻകുഞ്ഞിന്റെ പുരയിടത്തിലെ വാഴകൾ വ്യാപാകമായി നശിപ്പിച്ചിട്ടുണ്ട്. നീണ്ടപാറ വനത്തിന്റെ കെക്കിപ്പാറ മേഖലയിൽ നിന്നാണ് ആന എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് നാട്ടുകാർ ആനയെ തുരത്തുന്നത്. കാട്ടാന ശല്യം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്‌നം ജനപ്രതിനിധികളുടെയും വനം വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിച്ചു.