മുട്ടം: ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച ജയിൽ തടവുകാരനെ പിടികൂടി. മുട്ടം ജില്ലാ ജയിലിലെ അന്തേവാസി മുട്ടം സ്വദേശിയായ മലയിൽ മുത്തുവാണ് (32) ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇയാളെ ജയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിച്ചത്. ഡോക്ടറിനോട് രോഗ വിവരങ്ങൾ പറയുന്നതിനിടയിലാണ് ജയിൽ ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചത്. ആശുപത്രിയുടെ ഇടവഴിയിലൂടെ പറമ്പിലേക്ക് ഓടിയ ഇയാളെ പിന്നാലെ എത്തിയ ജയിൽ ജീവനക്കാർ പിടി കൂടുകയായിരുന്നു. മോഷണ കേസിൽ ശിക്ഷ വിധിച്ച് ഒരു മാസക്കാലമായിട്ട് ഇയാൾ ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുകയാണ്.