road
റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ച് പ്രദേശവാസികൾ

കട്ടപ്പന: റോഡിന്റെ ശോച്യാവസ്ഥയിൽ വിഷു ദിനത്തിൽ റോഡിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ. ഇരുപതേക്കർ- തൊവരയാർ റോഡിന്റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥയ്ക്കെതിരെയാണ് 'വോട്ട് ചോദിച്ച് വരേണ്ട സാറന്മാരെ" എന്ന ഫ്ളക്സ് ബോർഡുകളുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. കട്ടപ്പന നഗരസഭാ പരിധിയിലുള്ള ഇരുപതേക്കർ- തൊവരയാർ റോഡാണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്. 15 വർഷമായി റോഡ് തകർന്ന് യാത്ര ക്ലേശം സൃഷ്ടിക്കുകയാണ്. തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല. റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പ്രദേശവാസികൾ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും ഇപ്പോൾ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. വാഹന യാത്രികരും പ്രദേശവാസികളും പൊടിയുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ്. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്. കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്. ഓട്ടോറിക്ഷ ടാക്സി വാഹനങ്ങൾ പാടെ ഈ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്താൽ വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറി. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്. 'റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറന്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും ഗർഭിണികളും വഴി തിരിഞ്ഞു പോകുക" എന്നീ വാചകങ്ങൾ എഴുതിയ ഫ്ളക്സ് ബോർഡുകളാണ് പാതയിൽ പ്രദേശവാസികൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.