ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അവരവരുടെ വീടുകളിൽ തന്നെ വോട്ട്‌ രേഖപ്പെടുത്തുന്ന 'വീട്ടിൽ നിന്ന് വോട്ട് ' (ഹോം വോട്ടിങ്) ഇന്നലെ ആരംഭിച്ചു. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലായി ആകെ 7852 വോട്ടുകളാണ് വീടുകളിൽ രേഖപ്പെടുത്താനുള്ളത്. പോസ്റ്റൽ ബാലറ്റ് രൂപത്തിൽ സീൽ ചെയ്യപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിലെയും വോട്ടുകൾ അതത് ദിവസം തന്നെ അസി. റിട്ടേർണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലെ സ്‌ട്രോങ് റൂമിൽ എത്തിച്ചാകും സൂക്ഷിക്കുക. ഏപ്രിൽ 19 വരെ ആകെ ആറ് ദിവസങ്ങളിലായാണ് 'വീട്ടിൽ നിന്ന് വോട്ട്' സൗകര്യം ഇടുക്കി മണ്ഡലത്തിലുണ്ടാവുക. ഈ ദിവസങ്ങളിൽ പട്ടികയിലുള്ള ഏതെങ്കിലും വോട്ടറെ സന്ദർശിക്കാൻ സാധിക്കാതെ വന്നാൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഒരിക്കൽ കൂടി ഭവന സന്ദർശനം നടത്തും. ഹോംവോട്ടിംഗിനുള്ള അപേക്ഷ അംഗീകരിച്ചവർക്ക് യാതൊരു കാരണവശാലും 26ന് നടക്കുന്ന വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതിന് സാധിക്കുന്നതല്ല. വോട്ടിങിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന തീയതിയും സമയവും മുൻകൂട്ടി എസ്.എം.എസ് വഴിയും ഇതിന് സൗകര്യമില്ലാത്ത സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും വോട്ടർമാരെ അറിയിക്കും. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽ നിന്ന് വോട്ടിന് ചെയ്യുന്നതിന് അവസരം ലഭിച്ചിട്ടുള്ളത്. ഏപ്രിൽ രണ്ട് വരെ ഇതിനുള്ള അപേക്ഷ സ്വീകരിച്ചിരുന്നു.

ഹോം വോട്ടിങ് എന്നാൽ

അപേക്ഷ അംഗീകരിച്ചിട്ടുള്ളവരുടെ വീട്ടിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് 'വീട്ടിൽ നിന്ന് വോട്ട്' (ഹോം വോട്ടിങ്). അപേക്ഷ നൽകിയ 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് അവസരം.

100 ടീമുകൾ

അസി. റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ 100 ടീമുകളെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ളത്. രണ്ട്‌ പോളിങ് ഓഫീസർമാർ, മൈക്രോ ഒബ്‌സെർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടുന്നതാണ് ഒരു ടീം. ബൂത്ത് ലെവൽ ഓഫീസർമാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാർത്ഥികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങൾ വീക്ഷിക്കാം. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാത്ത വിധത്തിൽ വോട്ടിങ് നടപടികൾ ഫോട്ടോ, വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും.