vote-talk
വോട്ട് ടോക്

തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ ഓരോ വോട്ടും തങ്ങൾക്കനുകൂലമാക്കാനായി മുന്നണികൾ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. കൺവെൻഷനുകളിലും പര്യടനങ്ങളിലും നേതാക്കൾ പ്രസംഗിക്കുമ്പോൾ പ്രാദേശിക പ്രശ്നങ്ങൾ മുതൽ പശ്ചിമേഷ്യൻ യുദ്ധം വരെ വിഷയമാകാറുണ്ട്. എങ്കിലും ഇടുക്കിയിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇവിടെ മുഖ്യ ചർച്ചാവിഷയം. സങ്കീർണമായ ഭൂപ്രശ്നങ്ങളും അവസാനിക്കാത്ത മനുഷ്യ- വന്യജീവി സംഘർഷങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമാണ് മണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ.

ഭൂപ്രശ്നങ്ങൾക്ക്

പരിഹാരമുണ്ടോ

കാലങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർസോൺ എന്നിവയടക്കം അതിസങ്കീർണ്ണമാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ. കേന്ദ്ര സർക്കാറിന് പുറമെ സംസ്ഥാന സർക്കാർ നിലപാടുകളും പ്രശ്നം രൂക്ഷമാക്കിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇരു സർക്കാറുകൾക്കുമെതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഭൂനിയമ ഭേദഗതിയടക്കം കൊണ്ടുവന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്ത സർക്കാറാണ് കേരളത്തിലേതെന്നും ഭരണവിരുദ്ധ വികാരം കേരളത്തിലില്ലെന്നുമാണ് എൽ.ഡി.എഫിന്റെ വിശദീകരണം. ഇടുക്കിയിൽ പട്ടയമേളയിലൂടെ കൂടുതൽ പേർക്ക് ഭൂമിയുടെ അവകാശം നൽകിയത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. കേന്ദ്ര സർക്കാറിനെതിരായ വിധിയെഴുത്തിൽ വോട്ടർമാർ തങ്ങൾക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസവും എൽ.ഡി.എഫ് ക്യാമ്പിലുണ്ട്. പ്രശ്ന പരിഹാരത്തിന് മോഡി ഗ്യാരണ്ടിയെന്നാണ് എൻ.ഡി.എയുടെ ഉറപ്പ്.

വന്യമൃഗങ്ങൾക്ക്

ആര് മണികെട്ടും

കാർഷിക ഭൂ പ്രശ്നങ്ങൾക്ക് പുറമെ അതിരൂക്ഷമായ വന്യജീവി ആക്രമണവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകും. വിഷയത്തിൽ പരസ്പരം പഴിചാരുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കാട്ടാന,​ കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ അക്രമണം അനുദിനം വർദ്ധിക്കുകയാണ്. നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ വനംവകുപ്പ് അധികൃതർക്കെതിരെയുള്ള ജനരോക്ഷം ശക്തമാകുകയാണ്.

അദ്ധ്വാനത്തിന് വിലയില്ല

കാർഷിക മേഖലയിലെ വിലത്തകർച്ചയാണ് മറ്റൊരു പ്രതിസന്ധി. വളം, കീടനാശിനി, തൊഴിലാളികളുടെ വേതനം എല്ലാം ഉയരുമ്പോഴും ഉത്പന്നങ്ങളുടെ വില ഇടിയുന്നത് കർഷകരെ തളർത്തുകയാണ്. ചെലവ് കൂടുകയും വരവ് ഇടിയുകയും ചെയ്യുന്നത് കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. ഉപജീവനമാർഗമായി കൊണ്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കൃഷി പാടെ ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് മിക്ക കർഷകരും. ഏലം, കാപ്പി, കുരുമുളക് കർഷകരും ഒപ്പം പച്ചക്കറി കർഷകരും ഒരേ വെല്ലുവിളിയാണ് നേരിടുന്നത്. റബറിന്റെ താങ്ങുവിലയിൽ 10 രൂപ കൂട്ടിയെങ്കിലും കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഇതുകൊണ്ട് മാത്രം കഴിയില്ല.

നല്ല ചികിത്സയ്ക്ക്

എത്ര ദൂരം

ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ അലയടിക്കും. സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറിയതായി അവകാശപ്പെടുമ്പോഴും ഡോക്ടർമാരുടെ കുറവും മരുന്ന് ക്ഷാമവും സ്ഥിരം പ്രശ്നങ്ങളാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്. നഴ്സിങ് കോളേജ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും മതിയായ സൗകര്യങ്ങളൊരുക്കി കുറ്റമറ്റ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമോ എന്നതും ഒരു ചോദ്യമാണ്.

ക്ഷേമപെൻഷന് ക്ഷാമം

മറ്റ് മണ്ഡലങ്ങളിലെ പോലെ ക്ഷേമപെൻഷൻ മുടങ്ങിയതടക്കമുള്ള സംസ്ഥാന സർക്കാരിനെതിരായ വികാരങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ക്ഷേമ പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പിയപ്പോൾ അതിന് ആക്കം കൂട്ടിയത് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെയും അന്നമ്മയുടെയും സമരമാർഗമായിരുന്നു.

ഈ വികസനം

കാണാതെ പോകരുത്

മണ്ഡലത്തിലെ വികസനമായി ഉയർത്തിക്കാട്ടാവുന്നത് പ്രളയത്തിലടക്കം തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണമാണ്. കേന്ദ്രവും കേരളവും ഇതിന് അവകാശവാദമുന്നയിക്കാറുമുണ്ട്. ദേശീയപാതാ നവീകരണത്തിന് ഇരുകൂട്ടരുടെയും ഇടപ്പെടൽ ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് ആയുധമായി റോഡുകളുടെ വികസനവും ഉൾപ്പെടും.