തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതായി നാഷണൽ ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ (എൻ.ഡി.സി.എഫ്) സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് എടുത്ത തീരുമാനമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് തന്നെയായിരുന്നു പിന്തുണ. അവരുടെ പ്രകടന പത്രികയിൽ തന്നെ ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. ഭരണഘടനയെയും ജനാധിപത്യ- മതേതര മൂല്യങ്ങളെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിനെതിരെ മൃദുസമീപനമാണ് യു.ഡി.എഫിന്. മണിപ്പൂരിൽ 260ലേറെ ക്രിസ്ത്യൻ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. അതിനെതിരെ പ്രതികരിക്കാൻ യു.ഡി.എഫിനായില്ലെന്നത് വസ്തുതയാണ്. മണിപ്പൂർ സന്ദർശിക്കാനും വിഷയങ്ങൾ ചോദിച്ചറിയാനും ജെയ്ക്ക് സി. തോമസ്, തോമസ് ചാഴികാടൻ, ജോസ് കെ. മാണി തുടങ്ങിയ ഇടതുപക്ഷ നേതാക്കളാണ് ഉണ്ടായിരുന്നത്. ദളിത് പിന്നാക്ക സമുദായങ്ങളെ സഹായിക്കാനും അവരുടെ ആരാധന സ്വാതന്ത്ര്യം നിലനിറുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നത് ഉറപ്പാണ്. ക്രിസ്തീയ പ്രസ്ഥാനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പിന്തുണ നൽകിയിട്ടുണ്ടെങ്കിൽ അത് എൽ.ഡി.എഫാണ്. പലിയിടങ്ങളിലും ക്രൈസ്തവ പീഡനങ്ങൾ നടന്നപ്പോൾ അവിടെയെല്ലാം എൽ.ഡി.എഫ് ഒപ്പമുണ്ടായിരുന്നെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.ജെ. ജോൺസൺ, പ്രസിഡന്റ് അഡ്വ. ജോസ് ചെങ്ങഴത്ത്, വൈസ് പ്രസിഡന്റ് പി.സി. ബേബി, സംസ്ഥാന കമ്മിറ്റിയംഗം ടൈറ്റസ് വി. ജോസ് എന്നിവർ പങ്കെടുത്തു.