വണ്ണപ്പുറം: വഴി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ വീണ വൃദ്ധൻ മരിച്ച സംഭവത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ വിട്ടയച്ചു. മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങൻകോളനിയിലെ പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) മരിച്ച കേസിൽ അയൽവാസിയായ കല്ലിങ്കൽ ദേവകിയെയാണ് (62) മകൾക്കൊപ്പം പറഞ്ഞയച്ചത്. പോസ്റ്റ്മോർട്ടത്തിൽ സുരേന്ദ്രന്റെ മരണകാരണം സൂര്യാഘാതമേറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. തനിച്ച് താമസിക്കുന്ന സുരേന്ദ്രൻ രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച ശേഷം തിരികെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ ദേവകി വാഹനം തടഞ്ഞു. ഇതുവഴി വാഹനങ്ങൾ പോകാനാകില്ലെന്നും സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞാണ് ഇവർ വഴി തടഞ്ഞത്. ഇതേചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുകയും സുരേന്ദ്രൻ നിലത്തു വീഴുകയുമായിരുന്നു. രണ്ട് മണിക്കൂറോളം സുരേന്ദ്രൻ റോഡിൽ കിടന്നു. പിന്നീട് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് എത്തിച്ചാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സുരേന്ദ്രൻ മരിച്ചിരുന്നു.