തൊടുപുഴ: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ എൽ. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിനെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടു കവല ബസ് സ്റ്റാൻഡിൽ മാർച്ച് 12ന് സമരാഗ്നി എന്ന പേരിൽ ഡീൻ കുര്യക്കോസ് സത്യാഗ്രഹ സമരം നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് ജോയ്സ് ജോർജ്ജ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോയിലൂടെയാണ് ഡീൻകുര്യക്കോസിനെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപെടുത്തിയതായാണ് പരാതി.

പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻകുര്യക്കോസ് ബില്ലിനെ എതിർത്തില്ലെന്നും ബില്ലിനെതിരെ വോട്ടു ചെയ്തില്ലെന്നും മണ്ഡലത്തിലെ ജനങ്ങളുടെ വികാരവും, വിചാരവും, നിലപാടുകളും പാർലമെന്റ്രിൽ വേണ്ടവിധം പ്രകടിപ്പിക്കുന്നതിൽ ഡീൻ കുര്യക്കോസ് പരാജയപ്പെട്ടുവെന്നും ജോയ്സ് ജോർജ്ജ് നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോയിൽ ആരോപിച്ചിരുന്നു. ആരോപണങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പൗരത്വ ഭേദഗതി നിയമത്തെ പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്ത് 80 ലോകസംഭാംഗങ്ങളിൽ ഡീൻ കുര്യക്കോസും ഉണ്ടെന്നും പാർലമെന്റ് നടപടികൾ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും ലൈവായി കണ്ടതാണെന്നുംഅഡ്വ. റെജി ജി നായർ മുഖാന്തിരം നൽകിയ ക്രിമിനൽ കേസിൽ പറയുന്നു. ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാ ണെന്ന് അറിഞ്ഞുകൊണ്ടു തന്നെ സമൂഹമദ്ധ്യത്തിൽ അപമാനിച്ച് വോട്ടർമാരെ തെറ്റി ദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ അവിശുദ്ധ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി മനപ്പൂർവ്വ മായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതാണെന്നും മാനഹാനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻകുര്യക്കോസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ ശേഷവും അപകീർത്തികരമായ പോസ്റ്റ് പിൻവലിക്കാൻ ജോയ്സ് ജോർജ്ജ് കൂട്ടാക്കത്തതിനെ തുടർന്നാണ് ഡീൻകുര്യക്കോസ് ക്രിമിനൽ കോടതിയ സമീപിച്ചതെന്നും സിവിൽ കോടതികൾ അവധി ആയതിനാൽ കോടതി തുറക്കുന്ന മുറക്ക് മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യ പ്പെട്ട് ജോയിസിനെതിരെ സിവിൽ കേസും ഫയൽ ചെയ്യുമെന്നും ഡീൻ കുര്യാക്കോസിന്റെ അഭിഭാഷകൻ അഡ്വ. റെജി ജി നായർ പറഞ്ഞു.