ഒട്ടുമിക്ക മുങ്ങി മരണങ്ങളും തടയാവുന്നതാണ്. വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന വാർത്തകൾ പലപ്പോഴും നമ്മൾ വായിക്കാറുണ്ട്. ഇതുകണ്ടുള്ള ആവേശത്തിൽ ആരെങ്കിലും വെള്ളത്തിൽ വീണു കൈകാലിട്ടടിക്കുന്നതു കണ്ടാൽ മുന്നും പിന്നും ആലോചിക്കാതെ എടുത്തുചാടരുത്. നന്നായി നീന്തലറിയാമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലേ ചാടാവൂ. പലപ്പോഴും മരണസംഖ്യ കൂട്ടുന്നത് എടുത്തുചാട്ടമാണ്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. അതിനു കഴിഞ്ഞില്ലെങ്കിൽ നന്നായി നീന്താൻ അറിയാവുന്നവർ മാത്രം ചാടണം. കുട്ടികൾ ഒരുകാരണവശാലും ഇതിനു മുതിരരുത്. മദ്യപിച്ചിട്ടുണ്ടെങ്കിൽ നീന്തലറിയാമെങ്കിൽ പോലും വെള്ളത്തിലിറങ്ങരുത്. മുങ്ങിപ്പൊങ്ങുന്നയാളെ രക്ഷാപ്രവർത്തകന്റെ ശരീരത്തു കയറിപ്പിടിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഈ പിടിത്തം രണ്ടു പേരെയും മുക്കിക്കളയും. മുങ്ങിപ്പൊങ്ങുന്നയാളുടെ തലയും കാലും സമാന്തരമായി നിർത്തി മെല്ലെ കരയിലേക്കു തുഴയണം. അരയ്ക്കു തഴേക്കുള്ള ഭാഗം കുത്തനെ താഴേക്കു പോകുമ്പോഴാണു മുങ്ങാൻ തുടങ്ങുന്നത്. തലയും കാലും കഴിയുന്നത്ര സമാന്തരമായി നിർത്തി തുഴയാൻ ശ്രമിക്കണം. വെള്ളത്തിൽ വീണയുടൻ പരിഭ്രമിച്ചു മിക്കവരും തല പൊക്കി നിറുത്താൻ ശ്രമിക്കും. അപ്പോഴാണ് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം അടിയിലേക്കു പോകുന്നത്. പരിഭ്രമം മാറ്റിവച്ചാലേ ഈ അവസ്ഥ ഒഴിവാക്കാനാകൂ.
പ്രഥമ ശുശ്രൂഷ പ്രധാനം
അപകടത്തിൽപ്പെടുന്നവരെ കരയിലേക്കെത്തിച്ചാൽ സ്വീകരിക്കേണ്ട അടിസ്ഥാന ജീവരക്ഷാ നടപടികളിൽ സാധാരണക്കാർക്ക് പരിശീലനം നൽകുന്നത് വളരെ പ്രയോജനപ്രദമായിരിക്കും. ഉദരഭാഗത്ത് അമർത്തി കുടിച്ച വെള്ളം കളയുക എന്നത് ഗുണകരമല്ല എന്നുമാത്രമല്ല ചിലപ്പോൾ ദോഷകരവുമാകാം. അങ്ങിനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാര പദാർത്ഥങ്ങൾ ശ്വാസനാളിയിൽ എത്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ അതൊഴിവാക്കുക. വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ മാറ്റുക. തല അൽപം ചെരിച്ചുകിടത്തുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. താമസം കൂടാതെ ആവശ്യമായ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുക. ശ്വാസം നിലച്ച ശേഷവും മൂന്ന് മിനിറ്റോളം ഹൃദയം പ്രവർത്തിക്കും. ഏഴ് മിനിറ്റിന് ശേഷമേ മസ്തിഷ്‌ക മരണം സംഭവിക്കൂ. അതിനാൽ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ആളെ കണ്ടെത്തിയാൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്താം.
(അവസാനിച്ചു)